ദുരന്തബാധിതരെ സഹായിക്കാൻ എം പി എന്ത് നൽകി? വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയോട് ചോദ്യങ്ങളുമായി സിപിഐ എം

മാനന്തവാടി: ഏറെ നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ വയനാട് എം പിയോട് ചോദ്യങ്ങളുമായി സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരന്തബാധിതർക്കായി എം പി ഫണ്ടിൽ നിന്ന് പോലും ഒരു നയാ പൈസ നൽകാതെ, ദുരന്ത ബാധിതരെ മനുഷ്യരായി പോലും പരിഗണിക്കാത്തതെന്താണ്?
പ്രദേശത്ത് നിന്നുള്ള എം പി എന്ന നിലയിൽ ദുരന്തബാധിതർക്കായി ചെയ്യാമായിരുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ദുരന്തത്തിൽപ്പെട്ടവരുടെ ദേശസാൽകൃത ബാങ്കുകളിലെ കടം എഴുതി തള്ളുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനെങ്കിലും താങ്കൾക്ക് സാധിക്കേണ്ടിയിരുന്നു. അതിനായി പാർലമെൻ്റിൽ ശക്തമായ ഇടപെടൽ നടത്താൻ പോലും താങ്കൾ കഴിഞ്ഞില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഏറെ നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ വയനാട് എം പിയോട്…,
ജോൺ ബ്രിട്ടാസ് , വി ശിവദാസൻ, കെ രാധാകൃഷ്ണൻ, എ എ റഹീം, പി പി സുനീർ, പി സന്തോഷ് കുമാർ, ജോസ് കെ മാണി ഇവരാരും വയനാടിൻ്റെ എം പിമാർ അല്ല.. എന്നാൽ ഇവരെല്ലാം 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ എം പി ഫണ്ടിൽ നിന്നും ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിന് പുറമേ 110000 രൂപ വെച്ച് ഒരു മാസത്തെ ശമ്പളവും കൈമാറി.
ഇനി ചോദിക്കട്ടെ... താങ്കൾ എന്ത് നൽകി?
ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം താങ്കൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ പ്രദേശമായ ചൂരൽമല മുണ്ടക്കൈയിൽ ഉണ്ടായപ്പോൾ ഒരു എം പി എന്ന നിലയിൽ ദുരന്ത ബാധിതരെ സഹായിക്കാൻ താങ്കൾക്ക് എളുപ്പം കഴിയുമായിരുന്നു. എന്നിട്ടും ദുരന്ത ബാധിതർക്കായി എം പി ഫണ്ടിൽ നിന്ന് പോലും ഒരു നയാ പൈസ നൽകാതെ, ദുരന്ത ബാധിതരെ മനുഷ്യരായി പോലും പരിഗണിക്കാത്തതെന്താണ്?
അത് മാത്രമല്ല പ്രദേശത്ത് നിന്നുള്ള എം പി എന്ന നിലയിൽ ദുരന്തബാധിതർക്കായി ചെയ്യാമായിരുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ദുരന്തത്തിൽപ്പെട്ടവരുടെ ദേശസാൽകൃത ബാങ്കുകളിലെ കടം എഴുതി തള്ളുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനെങ്കിലും താങ്കൾക്ക് സാധിക്കേണ്ടിയിരുന്നു. അതിനായി പാർലമെൻ്റിൽ ശക്തമായ ഇടപെടൽ നടത്താൻ പോലും താങ്കൾ കഴിഞ്ഞില്ലെന്നത് ഖേദകരമാണ്. ഈ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് താങ്കൾക്ക് ദുരന്തബാധിതരോട് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുക. ആരുടെയോ വാക്കുകൾ കേട്ട് സവിശേഷമായ രാഷ്ട്രീയ താൽപപ്പര്യത്തോടെ എം പി എന്ന നിലയിൽ താങ്കൾ അവഗണിച്ച ഒരു ജനത ഇതെല്ലാം കാണുന്നുണ്ട് എന്നെങ്കിലും ഓർമ്മിക്കുമല്ലോ?
കെ റഫീഖ്










0 comments