print edition പോരാട്ടം, പുതുജീവനം

പി ഒ ഷീജ
Published on Jan 18, 2026, 07:34 AM | 2 min read
അതൊരു പ്രവാഹമായിരുന്നു. കാളിയാചൗക്കിലെയും കാളിയാപുരിലയും നദി വിഴുങ്ങിയ ഗ്രാമങ്ങളിലൂടെ, കർഷകരുടെ കണ്ണീർ വീണ് നനഞ്ഞ പാടങ്ങളിലൂടെ, വികസനമുരടിപ്പിൽ, തൊഴിലില്ലായ്‌മയിൽ ഉൗർധ്വം വലിക്കുന്ന നഗരങ്ങളിലൂടെ, തോട്ടം തൊഴിലാളികളുടെ വിയർപ്പിൽ മുങ്ങിയ ജാൽപായ്ഗുരി മലനിരകളിലൂടെ ... മമതാബാനർജിയുടെ അഴിമതി ഭരണത്തിനെതിരെയുള്ള വംഗനാടിന്റെ രോഷം മലവെള്ളപ്പാച്ചിൽപോലെ ആർത്തിരന്പിയപ്പോൾ ‘ബംഗ്ലാബച്ചാവോ യാത്ര’ പശ്‌ചിമബംഗാളിൽ സിപിഐ എം മുന്നേറ്റത്തിന്റെ കാഹളമായി. യുവാക്കൾ, കർഷകർ, വിദ്യാർത്ഥികൾ തൊഴിലാളികൾ തുടങ്ങി മമതയുടെ ദുർഭരണത്തിന്റെ ബലിയാടുകളായ ജനസഹസ്രം അണിചേർന്ന യാത്ര പശ്‌ചിമബംഗാളിൽ അലയടിക്കുന്ന രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശാ സൂചകമാണ്. 2025 നവംബർ 24ന് കുച്ച് ബിഹാറിൽ തുടങ്ങി 16 ജില്ലകളിലൂടെ 1200 കിലോ മീറ്റർ സഞ്ചരിച്ച്, ഡിസംബർ 17ന് നോർത്ത് 24 ഫർഗാനസിൽ അവസാനിച്ച ബംഗ്ലാബച്ചാവോ യാത്ര(ബംഗാളിനെ രക്ഷിക്കുക) നയിച്ച സിപിഐ എം കേന്ദ്രകമ്മറ്റിയംഗം മീനാക്ഷി മുഖർജി തുറന്ന് കാട്ടുന്നത് മമതയുടെ സ്വേച്‌ഛാധിപത്യവും അഴിമതിയും തകർത്ത പശ്‌ചിമ ബംഗാളിന്റെ് പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ.
14 വർഷത്തെ മമതയുടെ അഴിമതി ഭരണം പശ്‌ചിമ ബംഗാളിനെ പൂർണമായും തകർത്തു. ‘റൊട്ടി–റോസ്ഗാർ’ അഥവാ ഉപജീവനമാണ് ജനങ്ങളുടെ യഥാർത്ഥ പ്രശ്നം. ഒരു കാലത്ത് വ്യവസായങ്ങൾക്ക് പേര് കേട്ട ബംഗാളിൽ വ്യവസായമേഖല പൂർണമായും നിശ്‌ചലമായി. കഴിഞ്ഞ പതിറ്റാണ്ടിൽ ആയിരക്കണക്കിന് എംഎസ്എംഇ യൂണിറ്റുകൾ അടച്ചുപൂട്ടി. തൊഴിലില്ലായ്‌മ രൂക്ഷമാണ്. തൊഴിൽ തേടി ചെറുപ്രായത്തിൽ തന്നെ യുവാക്കൾ നാട് വിടുന്നു. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ നാടായി ബംഗാൾ മാറി. സ്‌കൂളുകൾ അടച്ചുപൂട്ടി.
ഗംഗാ നദീതീരത്തെ മാൽദ, മുര്‍ഷിദാബാദ് ജില്ലകളിലുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീടും ഭൂമിയും നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കാനോ വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയാനോ കേന്ദ്ര –സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല. സർക്കാർ പദ്ധതികളുടെ പ്രയോജനം അർഹരായവർക്ക് ലഭിക്കുന്നില്ല.
സകലമേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവുമാണ്. കോടികൾ കോഴവാങ്ങി നടത്തിയ അധ്യാപക നിയമനം രാജ്യത്ത് ആകെ ചർച്ചയായി. എന്നാൽ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ സർക്കാർ അവഗണിക്കുന്നു. മതം, ജാതി, ഭാഷ എന്നീ വിഷയങ്ങളിലേക്ക് രാഷ്ട്രീയ അജണ്ട വഴിതിരിച്ച് വിട്ട് ഏത് നീചമായ വിധത്തിലും അധികാരം പിടിച്ചെടുക്കാനാണ് മമതബാനർജിയും ബിജെപിയും ശ്രമിക്കുന്നത്.
അരക്ഷിതം സ്‌ത്രീജീവിതം
പശ്‌ചിമബംഗാളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു.ആർ ജി കർ മെഡിക്കൽകോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവം ഞെട്ടിക്കുന്നതാണ്. സാന്പത്തികപ്രതിസന്ധി മൂലം മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയെടുത്ത് കടക്കെണിയിലാകുന്ന സ്‌ത്രീകളും കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് വിധേയരാകുന്നു. സർക്കാർ സഹായമില്ലാത്തതിനാൽ വീടുണ്ടാക്കാനും മക്കളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്കും മറ്റുമാണ് ഇവർ വായ്‌പയെടുക്കുന്നത്. ഇൗ നിർധന സ്‌ത്രീകളെയാണ് വട്ടിപ്പലിശക്കാരുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നത്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്.
പശ്‌ചിമ ബംഗാളിൽ സിപിഐ എം തിരിച്ച് വരവിന്റെ പാതയിലാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ സൂചനകൾ പ്രതിഫലിക്കുമെന്നും മീനാക്ഷി പറഞ്ഞു.










0 comments