75 ദിവസം കൊണ്ട് പറഞ്ഞ വാക്ക് പാലിച്ചു; സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന് സിപിഐ എം വീടൊരുക്കി

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതുജന മധ്യത്തിൽവച്ച് അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാകുന്നു. സിപിഐ എം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം.
Related News
കഴിഞ്ഞ സെപ്തംബർ 12 നാണ് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയിൽനിന്ന് കൊച്ചുവേലായുധന് ദുരനുഭവമുണ്ടായത്. നിലവിലുണ്ടായിരുന്ന ഓട് മേഞ്ഞ വീട് തെങ്ങ് വീണ് തകർന്നതിനെത്തുടർന്ന് സമീപത്ത് ഷീറ്റ് മേഞ്ഞ കുടിലിലാണ് രണ്ട് വർഷമായി കൊച്ചു വേലായുധനും കുടുംബവും താമസിച്ചിരുന്നത്. പ്രദേശത്തെ ബിജെപി പ്രവർത്തകർ വീട്ടിൽവന്ന് പറഞ്ഞതനുസരിച്ചാണ് അപേക്ഷ തയ്യാറാക്കി സുരേഷ് ഗോപിയെ കാണാൻ പോയത്. അപേക്ഷ തുറന്നുപോലും നോക്കാതെ തിരികെ നൽകി. " ഇതൊന്നും എന്റെ പണിയല്ല’ എന്ന സുരേഷ് ഗോപിയുടെ മറുപടി കേട്ട് അപമാനിതനായി ആൾക്കൂട്ടത്തിനിടയിലൂടെ കൊച്ചുവേലായുധൻ തിരിച്ചുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവമറിഞ്ഞ് സെപ്തംബർ 14ന് കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി. അടുത്തദിവസം പഴയ വീട് പൊളിച്ചു മാറ്റി. 22ന് തറക്കല്ലിട്ട് നിർമാണം തുടങ്ങി. ജനപ്രതിനിധിയുടെ ധിക്കാരത്തിനെതിരായ പ്രതിഷേധമെന്നോണം നിരവധിപേർ നിർമാണ സാമഗ്രികളും പണവും സംഭാവന ചെയ്തു. മൂന്നുമാസം തികയും മുന്പേ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ച. അടി വിസ്തീർണമുള്ള വീട് നിർമാണം പൂർത്തിയാവുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീട് കൊച്ചുവേലായുധന് കൈമാറും.









0 comments