കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി; ഫസ്റ്റ് ഗ്രേഡ് സർവ്വേയർക്ക് കഠിന തടവും പിഴയും ശിക്ഷ

ഗിരീശൻ സി
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ഫസ്റ്റ് ഗ്രേഡ് സർവ്വേയർക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസിൽദാർ ഓഫീസിലെ മുൻ സർവ്വേയറും നിലവിൽ കാസർഗോഡ് സർവ്വേ സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥനുമായ കുര്യാത്തി സ്വദേശി ഗിരീശൻ സിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2022-ൽ ചിറയൻകീഴ് സ്വദേശിയുടെ വസ്തു അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകുന്നതിനായി 10,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതിനാണ് നടപടി. പരാതിക്കാരൻ്റെ സഹോദരിയുടെ മകൻ അനധികൃതമായി ഭൂമി പോക്കുവരവ് ചെയ്തതിനെതിരെ നൽകിയ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഗിരീശൻ കൈക്കൂലി ആവശ്യപ്പെട്ടത്. പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ഗിരീശൻ സി കുറ്റക്കാരനാണെന്നും 4 വർഷം കഠിന തടവ് അനുഭവിക്കണമെന്നും 25,000/-രൂപ പിഴ ഒടുക്കണമെന്നും തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്കുകയായിരുന്നു. 2022-ൽ തിരുവനന്തപുരം ചിറയൻകീഴ് സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള രണ്ട് ഏക്കർ വസ്തുവിൽ നിന്നും ഒരേക്കർ വസ്തു, മരണപ്പെട്ടു പോയ പരാതിക്കാരന്റെ സഹോദരിയുടെ മകൻ തന്റെ പേരിലേക്ക് പോക്കുവരവ് ചെയ്തത് സംബന്ധിച്ച് പരാതിക്കാരൻ തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസിൽദാർ ഓഫീസിൽ ഒരു പരാതി സമർപ്പിച്ചിരുന്നു.
വസ്തു അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന താലൂക്ക് ഭൂരേഖ തഹസിൽദാർ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ ആയ ഗിരീശൻ സി യഥാസമയം റിപ്പോർട്ട് നൽകിയിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരൻ ഗിരീശനെ നേരിൽ കണ്ട സമയം റിപ്പോർട്ട് അയക്കുന്നതിനായി 10,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജ് മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I ലെ മുൻ പോലീസ് സൂപ്രണ്ട് കെ.ഇ. ബൈജു, മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ പ്രസാദ് എം , പ്രശാന്ത് കെ എസ്., ജീജി എൻ എന്നിവർ അന്വേഷണം നടത്തിയ കേസിൽ മുൻ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ പി എസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാസതീശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.










0 comments