Deshabhimani

കള്ളനോട്ട് നിർമിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്‌

youth arrested with Counterfeit Currency
വെബ് ഡെസ്ക്

Published on Oct 25, 2026, 07:05 AM | 1 min read

കൊല്ലം : കൊല്ലം ​വാടിയിലെ വീട്ടിൽനിന്ന് കള്ളനോട്ട് നിർമാണത്തിനുള്ള സാമഗ്രികൾ പിടിച്ചെടുത്ത കേസിൽ പ്രതിയായ കല്ലേലിവയൽ പുരയിടം സ്വദേശി സിബിയോണിനെ (37)കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. വെള്ളി രാത്രിയിലാണ് സിബിയോണിന്റെ വീട്ടിൽ നിന്ന് 4.32ലക്ഷം രൂപയും 45 പവനും കള്ളനോട്ട് അടിക്കാനുള്ള കട്ട്‌ ചെയ്ത പേപ്പറുകളും പ്രിന്റിങ്‌ മെഷീനുകളും നോട്ട് എണ്ണുന്ന മെഷീൻ ഉൾപ്പെടെ കണ്ടെത്തിയത്. 520 ബണ്ടിൽ അഞ്ഞൂറ് രൂപ പ്രിന്റ് ചെയ്യുന്നതിനായി വശങ്ങളിൽ നോട്ടിന്റെ മാതൃകയിൽ പ്രിന്റ് ചെയ്ത പേപ്പറുകളാണ് പൊലീസ് പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. വെള്ളി രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ ശനിയാഴ്ച ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മണിക്കൂറുകളോളം ചോദ്യംചെയ്തു. സിബിയോണിന്റെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ഫോൺരേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.


സംഭവസമയത്ത്‌ ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. 1,69,909രൂപ അക്കൗണ്ടിൽ ഉള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ടാറ്റൂ സ്റ്റുഡിയോയിലായിരുന്നു ജോലി. ആറ്റിങ്ങൽ സ്വദേശി രവിയാണ്‌ കള്ളനോട്ട് നിർമിക്കുന്നതിനുള്ള സാമഗ്രികൾ നൽകിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇ‍ൗ മൊഴി പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. നിലവിൽ സിബിയോണിനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ്‌ വിവരം. അതേസമയം സിബിയോണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും വ്യക്തത വരുത്താൻ പൊലീസ് ശ്രമം തുടങ്ങി . നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സിബിയോൺ പിറ്റേന്ന് തിരിച്ചെത്തുകയും ചെയ്‌തു. സംഭവത്തിൽ പ്രതി നൽകിയ മൊഴിയിലെ വൈരുധ്യമാണ് പൊലീസിന് സംശയം ഉണ്ടാകാൻ കാരണം. പ്രതിയെ ദിവസങ്ങളായി നിരീക്ഷിക്കുകയും ഫോൺ വിവരം ശേഖരിക്കുകയും ചെയ്‌തു. തുടർന്നാണ്‌ വീട്ടിൽ റെയ്‌ഡ്‌ നടത്തിയത്‌. സിബിയോണിനെ ശനി വൈകിട്ട്‌ പരവൂർ കോടതിയിൽ ഹാജരാക്കി കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home