മെഡിക്ലെയിം നിഷേധിച്ചു; ഇൻഷുറൻസ് കമ്പനി 1.59 ലക്ഷം നഷ്ടപരിഹാരം നൽകണം

കൊല്ലം: മെഡിക്ലെയിം നിഷേധിച്ച ഉപയോക്താവിന് ഇൻഷുറൻസ് കമ്പനി ചികിത്സച്ചെലവ് ഇനത്തിൽ 1,29,728 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5000 രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കൊല്ലം പള്ളിമൺ വിളയിൽവീട്ടിൽ ഷിബു ആണ് പരാതിക്കാരൻ. മൂന്നുലക്ഷം രൂപയുടെ കവറേജ് ആണ് ഷിബു എടുത്തിരുന്നത്. 2019 ആഗസ്‌ത് നാലിന് എടുത്ത പോളിസിയുടെ കാലാവധി 2020 ആഗസ്‌ത് മൂന്നിന് അവസാനിച്ചു. ഇതിനിടെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ കിടത്തിച്ചികിത്സ നടത്തിയിരുന്നു.
ചികിത്സയ്‌ക്കായി ഷിബുവിന് 1,58,306 രൂപ ചെലവായി. മുമ്പ് ഉണ്ടായിരുന്ന അസുഖം മറച്ചുവച്ചു എന്ന പേരിൽ ഇൻഷുറൻസ് കമ്പനി മെഡിക്ലെയിം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഷിബു കമീഷനെ സമീപിച്ചത്. കമീഷന്‍ പ്രസിഡന്റ് എസ് കെ ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവരാണ് ഉത്തരവിട്ടത്. പരാതിക്കാരനുവേണ്ടി അഡ്വ. അഭിരാജ് സുന്ദർ ഹാജരായി.










0 comments