‘കണക്ട് ടു വർക്ക്’: സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാർഥികൾക്ക് ആശ്വാസമേകുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച. തൊഴിൽ അന്വേഷണ കാലയളവിൽ യുവജനങ്ങൾ നേരിടുന്ന സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസത്തിന് ശേഷം മത്സരപ്പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് അവർ സ്വപ്നം കാണുന്ന കരിയറിലേക്ക് എത്തുന്നതുവരെ ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായ ഉദ്യോഗാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായമായി ലഭിക്കും. ഇത് യുവജനങ്ങൾക്ക് ആത്മാഭിമാനത്തോടെ മികച്ച തൊഴിൽ തേടാൻ വലിയൊരു പിന്തുണയാകുമെന്ന് സർക്കാർ വിശ്വസിക്കുന്നു.
18 മുതൽ 30 വയസ്സുവരെയുള്ളവരാണ് പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരാവുക. പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്കും കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ പോർട്ടലായ eemployment.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
യുവജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഇതിനോടകം പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം 36500 അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു. ഇതിൽ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ പതിനായിരം പേരുടെ ആദ്യഘട്ട ലിസ്റ്റ് തയ്യാറായതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
നാളെ നിശാഗന്ധിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.










0 comments