കൂടുതൽ പേർ കൊല്ലത്ത് , 139 പേർക്കുള്ള തുകകൂടി ബാങ്കിന് കൈമാറി , ലഭിച്ച അപേക്ഷകളിൽ തീരുമാനം ഉടൻ
print edition കണക്ട് ടു വർക്ക് സ്‌കോളർഷിപ് ; ആദ്യഘട്ടം ലഭിച്ചത് 10,000 പേർക്ക്

തിരുവനന്തപുരം
പഠനം കഴിഞ്ഞ് തൊഴിലിന് തയ്യാറെടുക്കുന്നതും നൈപുണ്യ പരിശീലനം തേടുന്നതുമായ യുവജനങ്ങൾക്കായി സർക്കാർ ആവിഷ്‌കരിച്ച കണക്‌ട് ടു വർക്ക് സ്‌കോളർഷിപ് ആദ്യഘട്ടത്തിൽ ലഭിച്ച പതിനായിരം പേരുടെ അക്കൗണ്ടിലേക്കും തുക എത്തുന്നു. 9861 പേർക്ക് 1000 രൂപ വീതം 21ന് തന്നെ ലഭിച്ചു. 139 പേരുടെ ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ച് തുക ബാങ്കിന് കൈമാറി.
ഡിസംബർ 26മുതലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. അഞ്ചുലക്ഷം പേർക്കാണ് സ്‌കോളർഷിപ്. ആദ്യഘട്ടത്തിലെ പതിനായിരം പേർക്കാണ് ഇപ്പോൾ തുക നൽകിയത്. കൂടുതൽപേർ കൊല്ലത്ത് ആണ്– 1662. തിരുവനന്തപുരത്ത് 1639 പേർക്കും ലഭിച്ചു. ഇതുവരെ കൃത്യമായ നിലയിലുള്ള 35,488 അപേക്ഷകളാണ് കിട്ടിയത്. ഇവയുടെ പരിശോധന പൂർത്തിയാക്കി സ്‌കോളർഷിപ് നൽകും.
റവന്യൂ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരിലേറെയും വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനാ ജോലിയിലാണ്. അതിനാൽ അപേക്ഷകർക്ക് വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുണ്ട്.

ഇനിയും അപേക്ഷിക്കാം
മാസം 1000 രൂപ വീതം ലഭിക്കുന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപിന് ഇനിയും അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരാകണം. കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷം കവിയരുത്. പ്രായം: 18– 30. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഇവയുടെ അനുബന്ധ സ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‌സി, പിഎസ്‌സി, സർവീസ് സെലക്‌ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവയുടെ മത്സര പരീക്ഷകൾക്ക് അപേക്ഷിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം. eemployment.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.









0 comments