print edition വീണ്ടും വെളിപ്പെട്ട് കോൺഗ്രസിന്റെ ജീർണമുഖം: പീഡനക്കേസിൽ നടപടി സസ്പെന്‍ഷൻമാത്രം

ജോസ് ഫ്രാങ്ക്ളിൻ
തിരുവനന്തപുരം: ഗുരുതര ലൈംഗിക പീഡനക്കേസിൽ പ്രതിയായിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാനുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ നടപടി സസ്‌പെന്‍ഷനിൽ ഒതുക്കി കോൺഗ്രസ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ജോസിന്റെ നിരന്തര പീഡനത്തിൽ മനംനൊന്ത് നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് ഞായറാഴ്ച പുറത്തുവന്നപ്പോൾ മാത്രമാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ് നേതൃത്വം തയ്യാറായത്.
ഭർത്താവ് മരിച്ചതിനാൽ ബേക്കറി നടത്തിയാണ് യുവതി ഉപജീവനം കണ്ടെത്തിയിരുന്നത്. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബേക്കറി നടത്തിക്കൊണ്ടുപോകാനാകാത്ത സ്ഥിതിയായി. പ്രതിസന്ധി പരിഹരിക്കാൻ സാന്പത്തിക സഹായമെന്ന നിലയിൽ സബ്‌സിഡിയുള്ള വായ്പ തരപ്പെടുത്തി നൽകാമെന്നുപറഞ്ഞാണ് ജോസ് സ്‌ത്രീയെ ഓഫീസിൽ വിളിച്ചുവരുത്തിയത്. പല തവണ ഇവരുടെ ബേക്കറിയിലെത്തി ജോസ് ശല്യപ്പെടുത്തിയെന്നും സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും കത്തിലുണ്ട്. തൊഴുക്കലിലെ ഓഫീസിലെത്തിച്ച് ജോസ് ഫ്രാങ്ക്ളിൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പലിശയ്ക്ക് പണം നൽകൽ, ഗുണ്ടായിസം, സ്ത്രീകളെ ശല്യം ചെയ്യൽ എന്നിങ്ങനെ ജോസ് ഫ്രാങ്ക്‌ളിനെതിരെ നിരവധി പരാതികൾ നേരത്തെയും ഉയർന്നിട്ടുണ്ട്. 2020 -ല്‍ നെയ്യാറ്റിന്‍കര സ്വദേശിയായ മറ്റൊരു യുവതിയുടെ മരണത്തിലും ജോസിന് പങ്കുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. ഡിസിസി അന്വേഷണ കമീഷനെയും നിയമിച്ചിരുന്നു. കമീഷന്റെ കണ്ടെത്തലുകൾ ഗുരുതരമാണ്. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന റിപ്പോര്‍ട്ടും നേതൃത്വത്തിന് കമീഷൻ കൈമാറി. തലസ്ഥാനത്തെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് അന്നത്തെ കെപിസിസി അധ്യക്ഷനെ സ്വാധീനിച്ചാണ് റിപ്പോര്‍ട്ട് പൂഴ്‌ത്തിയത്. ജോസിന് അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന പരാതികളും ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതുകൊണ്ടാണ് ജോസിന് സംരക്ഷണവും പദവികളും ലഭിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.










0 comments