കൊച്ചിയിൽ കൈപ്പത്തിക്കായി 'പോസ്റ്റർ യുദ്ധം'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പ്രചരണവുമായി ദീപ്തി മേരി വർഗീസ്
കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുൻപേ കൊച്ചി നിയോജക മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. പാർട്ടിക്കുള്ളിലെ വടംവലി തെരുവിലേക്ക് പടരുന്ന കാഴ്ചയാണ് കൊച്ചിയിൽ കാണുന്നത്.
ഹൈക്കമാൻഡ് തീരുമാനം വരുന്നതിന് മുൻപേ താനാണ് സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ച് ദീപ്തി മേരി വർഗീസ് പോസ്റ്ററുകൾ ഇറക്കിയതോടെയാണ് പോര് പരസ്യമായത്. "ഇനി കൊച്ചിയിൽ സർവ്വം ദീപ്തം" എന്ന വാചകവുമായി ദീപ്തിയുടെ ചിത്രമുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രിന്റിംഗിന് നൽകുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാർത്ഥി എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദീപ്തിയുടെ നീക്കത്തിന് മറുപടിയുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഷിയാസിനെ വിജയിപ്പിക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ തയ്യാറാക്കിക്കഴിഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ ഇവ മണ്ഡലത്തിൽ പതിപ്പിക്കാനാണ് നീക്കം. മുഹമ്മദ് ഷിയാസിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായി നിലകൊള്ളുമ്പോഴാണ് ദീപ്തി മേരി വർഗീസ് അപ്രതീക്ഷിത നീക്കം നടത്തിയത്.
ജില്ലയിലെ തൃപ്പൂണിത്തുറ, പെരുമ്പാവൂർ, വൈപ്പിൻ സീറ്റുകളിലും സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായി തുടരുകയാണ്. എറണാകുളത്തെ എ ഗ്രൂപ്പ് കോട്ടകളിൽ ആധിപത്യമുറപ്പിക്കാൻ സതീശൻ പക്ഷം ശ്രമിക്കുന്നതാണ് തർക്കങ്ങൾക്ക് ആധാരം.
കൊച്ചിയിൽ ഇന്ന് വൈകുന്നേരം മുഹമ്മദ് ഷിയാസ് റോഡ് ഷോ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വരുമ്പോഴേക്കും പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.









0 comments