ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ്; യുഡിഎഫിൽ അടിപൊട്ടി

തോമസ് ഉണ്ണിയാടൻ രമേശ് ചെന്നിത്തല, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുംമുൻപെ യുഡിഎഫിൽ പൊട്ടിത്തെറി. തങ്ങളുടെ സീറ്റ് പിടിച്ചെടുക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തി. നേരത്തെ ലക്ഷ്യംവെച്ചിരിക്കുന്ന സീറ്റുകൾക്ക് പുറമെ ഇരിങ്ങാലക്കുടയും ജോസഫ് ഗ്രൂപ്പിൽനിന്ന് പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനായി യൂത്ത് കോൺഗ്രസിനെ മുന്നിൽനിർത്തിയാണ് ചരടുവലി.
ഇരിങ്ങാലക്കുടയിൽ ഇക്കുറി കോൺഗ്രസ് മത്സരിക്കണമെന്നും അല്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. കൂടാതെ, ജോസഫ് ഗ്രൂപ്പിനെതിരെ പൊതുവികാരമുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ട്.
ആറ് തവണയായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ മത്സരിക്കുന്നത് ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനാണ്. 2001 മുതൽ 2016വരെ അദ്ദേഹമായിരുന്നു ജയിച്ചത്. 2016ൽ ഉണ്ണിയാടൻ വീണ്ടും മത്സരിച്ചപ്പോൾ കെ യു അരുണനിലൂടെ യുഡിഎഫിൽ നിന്ന് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 2021ൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദുവും എൽഡിഎഫിനായി മികച്ച വിജയംനേടി. ഇത്തവണ വീണ്ടും മത്സരിക്കാൻ ഉണ്ണിയാടൻ ഒരുങ്ങുമ്പോഴാണ് വഴിമുടക്കി കോൺഗ്രസ് നിൽക്കുന്നത്. ഉണ്ണിയാടനെതിരെ മണ്ഡലത്തിൽ പലയിടങ്ങളും പോസ്റ്റുകളും പതിച്ചിട്ടുണ്ട്.
സീറ്റ് പിടിച്ചെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പരസ്യമായി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് നേതാക്കൾ മൗനത്തിലാകുന്നതാണ് ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് ആരോപണം.
ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന ഇടുക്കി, കുട്ടനാട്, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളും കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്.










0 comments