സ്ഥാനാർഥിനിർണയത്തിൽ തമ്മിലടിച്ച് കോൺഗ്രസ്; പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി രാജി വെച്ചു

കെസി പ്രീത്
പാലക്കാട്: നിയമസഭാ സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി കെസി പ്രീത് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ എംഎൽഎ കെഎ ചന്ദ്രന്റെ മകനായ പ്രീത്, നെന്മാറ സീറ്റ് നൽകാമെന്ന വാഗ്ദാനം ലംഘിച്ചതിനെത്തുടർന്നാണ് പടിയിറങ്ങിയത്.
ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തന്നെ വെട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, കെ സുധാകരന്റെ വാശിക്ക് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയതോടെ സംസ്ഥാനത്തുടനീളം മാനദണ്ഡങ്ങൾ ലംഘിക്കണമെന്ന ആവശ്യവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.
സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ, സീറ്റ് മോഹികളായ മറ്റ് എംപിമാരും സിറ്റിംഗ് എംഎൽഎമാരും നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ വ്യക്തമാക്കി.
ജയിലിൽ കിടന്നവർക്ക് പോലും സീറ്റ് നൽകുന്നുണ്ടെന്നും തനിക്കെതിരെയുള്ള നീക്കം നീതികേടാണെന്നും എൽദോസ് തുറന്നടിച്ചു. പെരുമ്പാവൂരിൽ എൽദോസിന് അനുകൂലമായി പോസ്റ്റർ പ്രചാരണവും ശക്തമാണ്. കോന്നിയിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട അടൂർ പ്രകാശ് എംപി, സുധാകരന് ഇളവ് ലഭിച്ചതോടെ പോസ്റ്റ് പിൻവലിച്ചു.
കോന്നിയിൽ മത്സരിക്കാനായി അടൂർ പ്രകാശും സമ്മർദ്ദം കടുപ്പിച്ചിരിക്കുകയാണ്. തനിക്ക് സംസ്ഥാനവ്യാപകമായി പിന്തുണയുണ്ടെന്നും ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ കൂടെയുണ്ടെന്നുമുള്ള സുധാകരന്റെ അവകാശവാദം ഗ്രൂപ്പ് മാനേജർമാരെ ഞെട്ടിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസ് ക്യാമ്പിലുണ്ടായ ഈ കൂട്ടത്തല്ല് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിച്ചിരിക്കുകയാണ്. ഗ്രൂപ്പ് താല്പര്യങ്ങൾ സംരക്ഷിക്കാൻ അർഹരായവരെ വെട്ടിനിരത്തുന്നു എന്ന പരാതി സാധാരണ പ്രവർത്തകർക്കിടയിലും ശക്തമാണ്.










0 comments