ad
Deshabhimani

print edition കോൺഗ്രസിന്റെ ഇൻഷുറൻസ് ഗ്യാരന്റി; ലക്ഷ്യം ഡാറ്റ മോഷണം

Data scam.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 01, 2026, 12:01 AM | 1 min read

തിരുവനന്തപുരം: ഗ്യാരന്റിയുടെ ഭാഗമായി യുഡിഎഫ്‌ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസിന്റെ പേരിലുള്ള വിവരശേഖരണത്തിന്റെ പിന്നിൽ ഗൂഢപദ്ധതി. 25 ലക്ഷം രൂപയുടെ ഇൻഷുറൻസ്‌ വാഗ്‌ദാനംചെയ്‌ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ കയറി വിവരശേഖണം നടത്തുകയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ.


സ്‌ത്രീകളുടെയും കുട്ടികളുടെയും അടക്കം പേരും മേൽവിലാസവും ഫോൺ നമ്പരും തിരിച്ചറിയൽ കാർഡ്‌ നമ്പറുകളുമാണ്‌ ശേഖരിക്കുന്നത്‌. ആധാർ, റേഷൻ, പാൻ കാർഡ്‌ എന്നിവയുടെ കോപ്പിയടക്കം വാങ്ങുന്നുണ്ട്‌. വ്യക്തികളുടെ രോഗങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങളും പ്രത്യേക പുസ്‌തകത്തിൽ രേഖപ്പെടുത്തുന്നുമുണ്ട്‌.


ഇത്തരത്തിൽ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗിക്കുമെന്ന ആശങ്ക ഉയർന്നിരിക്കയാണ്‌. സാമ്പത്തികനേട്ടം വാഗ്‌ദാനംചെയ്‌ത്‌ ഫോറം പൂരിപ്പിച്ചുവാങ്ങുന്നത്‌ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസുകാർ ശേഖരിച്ച നമ്പരുകളിലേക്ക്‌ വ്യാജസന്ദേശവും അജ്ഞാത ഫോൺകോളുകളും വരുന്നുവെന്നും വോട്ടർമാർ പരാതിപ്പെടുന്നു. ​​


മറ്റെവിടെനിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത വൻ ഡാറ്റാ ശേഖരം ഉപയോഗിക്കുന്നത്‌ കോൺഗ്രസിന്റെ പിആർ തന്ത്രജ്ഞൻ കനുഗോലുവും സംഘവുമാണ്‌. വിപുലമായ നെറ്റ്‌വർക്കും പ്രൊപ്പഗാൻഡ ടീമും ഉള്ള ഇ‍ൗ കച്ചവടസംഘത്തിനുവേണ്ടിയാണ്‌ വീടുകളിൽനിന്ന്‌ ഡാറ്റ ശേഖരിച്ച്‌ പ്രത്യേക സെർവറുകളിലേക്ക്‌ മാറ്റുന്നത്‌.


സ്വകാര്യ ഇൻഷുറൻസ്‌ കന്പനികൾക്കും വൻകിട കോർപറേറ്റ്‌ ആശുപത്രി ശൃംഖലകൾക്കും ഇത്തരം വിവരം സുപ്രധാനമാണ്‌. ഇ‍ൗ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക്‌ ഭാവിപദ്ധതികൾ ആസൂത്രണംചെയ്യാം. പല സ്വകാര്യ ആശുപത്രികളും കോർപറേറ്റുകൾ വാങ്ങിയിട്ടുമുണ്ട്‌.


പത്തുവർഷത്തിനിടെ കേരളത്തിൽ കരുത്താർജിച്ച പൊതുജനാരോഗ്യ സംവിധാനത്തെ മോശമായി ചിത്രീകരിച്ച്‌ തുടർച്ചയായി സമരം നടത്തുകയാണ്‌ കോൺഗ്രസ്‌. സ്വകാര്യ ആശുപത്രി ശൃംഖലയെ സഹായിക്കാനാണിത്‌.


കോൺഗ്രസിന്‌ വൻതോതിൽ ഫണ്ട്‌ നൽകുന്നത്‌ ആരോഗ്യമേഖലയിലെ കോർപറേറ്റ്‌ മാനേജ്‌മെന്റുകളും സ്വകാര്യ ഫാർമ കമ്പനികളുമാണ് തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഗ്യാരന്റി പറഞ്ഞുള്ള കബളിപ്പിക്കൽ. കർണാടകത്തിലും തെലങ്കാനയിലും പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ്‌ അടക്കമുള്ള ഗ്യാരന്റികളൊന്നും നടപ്പാക്കിയിട്ടില്ല. ​


തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച്‌ ദുരൂഹമായ കാര്യങ്ങൾക്ക്‌ ​​ഉപയോഗിച്ചെന്ന്‌ തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നിന്നുൾപ്പെടെ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി ലഭിച്ചിരുന്നു. തുടർന്ന്‌ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കമീഷൻ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home