വി ഡി സതീശൻ കെപിസിസിയുമായി സഹകരിക്കണം; കർശന നിർദേശം നൽകി ഹൈക്കമാൻഡ്

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾ ശക്തമായ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കർശന നിർദേശവുമായി ഹൈക്കമാൻഡ്. കെപിസിസി നേതൃത്വവുമായി പൂർണ്ണമായി സഹകരിച്ചു മുന്നോട്ടു പോകണമെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി സ്വീകരിച്ച കടുത്ത നിലപാടുകൾ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സതീശന് നിർദേശം നൽകിയത്.
പാർട്ടിയിലെ സംഘടനാപരമായ എല്ലാ കാര്യങ്ങളിലും പ്രതിപക്ഷ നേതാവ് കെപിസിസി പ്രസിഡന്റുമായി സഹകരിക്കണം, പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ സണ്ണി ജോസഫിന് തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് പ്രതിപക്ഷ നേതാവ് തടസം സൃഷ്ടിക്കരുത്, നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് ഒഴിവാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.
പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലും കെപിസിസി പ്രസിഡന്റ് പലപ്പോഴും പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം.









0 comments