ad
Deshabhimani

print edition കോടികൾ പിരിച്ച്‌ കോൺഗ്രസ്‌ വഞ്ചന : തറക്കല്ലിട്ടത്‌ കാട്ടാനത്തോട്ടത്തിൽ

Kozhikode Congress.jpg
വെബ് ഡെസ്ക്

Published on Mar 01, 2026, 12:15 AM | 2 min read

കൽപ്പറ്റ: ദുരന്തബാധിതരുടെ പേരിൽ കോടികൾ പിരിച്ച്‌ ഒന്നരവർഷം ധൂർത്തടിച്ചശേഷം കോൺഗ്രസ്‌ കഴിഞ്ഞ ദിവസം വീടിന്‌ തറക്കല്ലിട്ടത്‌ കാട്ടാനത്തോട്ടത്തിൽ. സംസ്ഥാന സർക്കാർ ട‍ൗൺഷിപ്പിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യുന്പോൾ കോൺഗ്രസിന്റെ തട്ടിപ്പ്‌ ചർച്ചയാകുമെന്നുകണ്ടായിരുന്നു തറക്കല്ലിടൽ. ദുരന്തമുണ്ടായപ്പോൾ രാഹുൽ ഗാന്ധിയും കെപിസിസിയും ദുരന്തബാധിതർക്ക്‌ നൂറ്‌ വീട്‌ വീതം പ്രഖ്യാപിച്ചു. യ‍ൂത്ത്‌ കോൺഗ്രസും 30 വീട്‌ വാഗ്‌ദാനംചെയ്‌തു. പിന്നീട്‌ പിരിവായി. പ്രത്യേക ആപ്പുണ്ടാക്കിയായിരുന്നു പിരിവ്‌.

ദുരന്തംവിറ്റ്‌ കോടികൾ കൊയ്‌തു. പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു പണമുണ്ടാക്കൽ. എത്രപിരിച്ചെന്ന്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ വീടിനൊപ്പം കോൺഗ്രസിന്റെ വീടും ഉയരുമെന്നാണ്‌ ട‍ൗൺഷിപ്‌ നിർമാണോദ്‌ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രസംഗിച്ചത്‌. കോടികൾ പിരിച്ച്‌ മുക്കിയത്‌ തിരിച്ചടിയാകുമെന്ന്‌ കണ്ട്‌ ഒടുവിൽ മേപ്പാടി കുന്നന്പറ്റയിൽ രൂക്ഷമായ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി.

കാട്ടാന ആക്രമണത്തിൽ തൊളിലാളികൾ കൊല്ലപ്പെട്ട പ്രദേശം. ചുറ്റുമുള്ള തോട്ടങ്ങളിലെല്ലാം പ്രതിരോധത്തിന്‌ വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്‌. യുഡിഎഫ്‌ ജാഥയുമായെത്തിയ വി ഡി സതീശൻ സ്ഥലം സന്ദർശിച്ചതിന്റെ പിറ്റേദിനം ഇവിടെ കാട്ടാനയിറങ്ങിയിരുന്നു. വാങ്ങിയ സ്ഥലത്ത്‌ പരമാവധി 25 വീടാണ്‌ വയ്‌ക്കാൻ കഴിയുക. ഒരേക്കർ പൂർണമായും ചെങ്കുത്താണ്‌.

നേട്ടത്തിന്റെ ക്രെഡിറ്റടിക്കാൻ തട്ടിപ്പ് ടീം


കോഴിക്കോട്‌ : ഉരുൾപൊട്ടലിൽ സർവവും നഷ്ടമായ ജനതയെ ചേർത്തുപിടിച്ച സംസ്ഥാന സർക്കാർ അത്യാധുനിക രീതിയിലുള്ള ട‍ൗൺഷിപ്പൊരുക്കുന്പോൾ പദ്ധതിയ്ക്ക്‌ തുരങ്കം വച്ചവരും നേട്ടത്തിന്റെ പങ്കുപറ്റാനുള്ള തിരക്കിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നൽകരുതെന്ന്‌ ആക്രോശിച്ചവരും നിർമാണം തടസപ്പെടുത്താൻ നോക്കിയവരുമാണ്‌ പദ്ധതി യാഥാർഥ്യമാകുന്പോൾ ക്രെഡിറ്റ്‌ അവകാശപ്പെടുന്നത്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ഒഴുകിയപ്പോൾ അതിന്‌ തടയിടാനായിരുന്നു കോൺഗ്രസ്‌ ശ്രമം. സിഎംഡിആർഫിലേക്ക്‌ പണം നൽകിയ മുതിർന്ന എംഎൽഎയെ നേതൃത്വം തിരുത്തി. കോൺഗ്രസിന്‌ പണം സ്വരൂപിക്കാൻ അതിന്റേതായ ഫോറമുണ്ടെന്നും അതിലേക്ക്‌ പണം നൽകണമെന്നുമായിരുന്നു അന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്റെ നിർദേശം. സിഎംഡിആർഎഫിലേക്ക്‌ പണം നൽകിയത്‌ ഏഴ്‌ കോൺഗ്രസ്‌ എംഎൽഎമാർ മാത്രം. വയനാട്‌ എംപി പ്രിയങ്കാഗാന്ധിയും മുൻ എംപി രാഹുൽഗാന്ധിയുമടക്കം ഒരു രൂപപോലും നൽകിയില്ല. യൂത്ത്‌ കോൺഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

ദുരിതാശ്വാസ നിധിയിലേക്ക്‌ വീടുണ്ടാക്കാനും കാര്യങ്ങൾക്കുമായി യൂത്ത്‌കോൺഗ്രസ്‌ എന്ന നിലയിൽ പണം കൊടുത്തിട്ടില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ ജെ ജനീഷ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. എൻജിഒ അസോസിയേഷൻ, മഹിളാ കോൺഗ്രസ്‌, കെഎസ്‌യു എന്നിവയെല്ലാം വിട്ടുനിന്നു. സിഎംഡിആർഎഫ്‌ സുതാര്യമല്ലന്ന്‌ പ്രചരിപ്പിച്ച്‌ സഹായമനസുള്ളവരെ തടയാനും ശ്രമമുണ്ടായി. എംപി ഫണ്ടിൽനിന്ന്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പണം നീക്കിവച്ചത്‌ ഒരു കോൺഗ്രസ്‌ എംപിമാത്രം. രാഹുലും പ്രിയങ്കയുമില്ല.

ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം എവിടെയെന്ന ചോദ്യത്തിനും കോൺഗ്രസിന്‌ ഉത്തരമില്ല. വിമർശനം കടുത്തപ്പോൾ, വാസയോഗ്യമല്ലാത്ത മൂന്നരയേക്കർ കാട്ടാനത്തോട്ടം വാങ്ങിയതൊഴിച്ചാൽ ഒരടി മുന്നോട്ടുപോയില്ല. സർക്കാർ ട‍ൗൺഷിപ്പിനൊപ്പം കോൺഗ്രസിന്റെ വീടും ഒരുങ്ങുമെന്ന പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ പ്രഖ്യാപനവും ജലരേഖയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home