ad
Deshabhimani

കെ സുധാകരൻ, 
മുല്ലപ്പള്ളി, 
വി എം സുധീരൻ 
രംഗത്ത്‌

print edition തുടങ്ങുംമുമ്പേ 
കോൺഗ്രസിൽ കലഹം ; സീറ്റിനായി മുതിർന്ന നേതാക്കളും എംപിമാരും

congress clash
avatar
സി കെ ദിനേശ്‌

Published on Jan 03, 2026, 02:57 AM | 1 min read


തിരുവനന്തപുരം

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ സുധാകരനും വിഎം സുധീരനും മുല്ലപ്പള്ളിയുമടക്കമുള്ള മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ രംഗത്ത്‌. എന്നാൽ ഇത്‌ അംഗീകരിക്കില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ പരസ്യമായി പ്രതികരിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങും മുമ്പേ കോൺഗ്രസിൽ സീറ്റിനായുള്ള തർക്കം രൂക്ഷമായി. ഇതിനിടെ കൂടുതൽ മുതിർന്ന നേതാക്കൾ മത്സരിക്കാൻ താൽപര്യം അറിയിച്ചതും നേതൃത്വത്തിന്‌ തലവേദനയായി.


നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും മുതിർന്ന നേതാക്കൾതന്നെ ഇറങ്ങണമെന്ന്‌ ഹൈക്കമാൻഡ്‌ മുൻപ്‌ നിർദേശിച്ചിരുന്നു. സംഘടനാ ദ‍ൗർബല്യവും ബഹുജന സ്വാധീനമുള്ള നേതാക്കളുടെ അഭാവവുമാണ്‌ അന്ന്‌ കാരണമായി പറഞ്ഞത്‌. തദ്ദേശത്തിൽ മത്സരിക്കാൻ സീനിയറായ പലരും സന്നദ്ധരായി. അത്‌ പിന്പറ്റിയാണ്‌ നിയമസഭയിലേക്കും നേതാക്കൾ മത്സരത്തിനായി തയ്യാറെടുക്കുന്നത്‌.


വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി ജെ കുര്യൻ തുടങ്ങിയവരെല്ലാം കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതായാണ്‌ വാർത്ത. എംപിമാരായ അടൂർ പ്രകാശ്‌, കെ സുധാകരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്‌, ആന്റോ ആന്റണി തുടങ്ങിയവർ നിയമസഭ താൽപര്യം പ്രഖ്യാപിച്ചിട്ടുണ്ട്‌. മത്സരിക്കാനുണ്ടെന്ന്‌ മുല്ലപ്പള്ളി അറിയിച്ചു. മണലൂരിൽ മത്സരിക്കുമെന്ന വാർത്തകൾ സുധീരൻ തള്ളിയിട്ടില്ല. ഇവർ മത്സരിക്കുകയാണെങ്കിൽ തങ്ങൾക്കും സീറ്റ്‌വേണമെന്ന്‌ കെ സി ജോസഫും എം എം ഹസനും ആവശ്യമുന്നയിച്ചിട്ടുണ്ട്‌.


പകുതി സീറ്റ്‌ യുവാക്കൾക്കും സ്‌ത്രീകൾക്കുമായി മാറ്റിവയ്ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇവർക്ക്‌ തടയിടാനുള്ള തന്ത്രമാണെന്ന്‌ കരുതുന്നവരാണ്‌ കോൺഗ്രസിലേറെയും. തൊണ്ണൂറിൽ അധികം സീറ്റിൽ മത്സരിക്കാറുള്ള കോൺഗ്രസിന്‌ നാലോ അഞ്ചോ സിറ്റിങ് എംഎൽഎമാരെ മാത്രമേ മാറ്റിനിർത്താനാകൂ. കെപിസിസി പ്രസിഡന്റായതിനാൽ സണ്ണി ജോസഫ്‌ മത്സരിച്ചേക്കില്ല. എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസുള്ളതിനാൽ പാലക്കാടും പെരുമ്പാവൂരും കോവളത്തും പുതിയ സ്ഥാനാർഥികളാകും. തൃപ്പൂണിത്തുറ, കോട്ടയം സീറ്റുകളിലും മാറ്റത്തിന്‌ സാധ്യതയുണ്ട്‌. ബാക്കിയുള്ളവരിൽ രണ്ടോ മൂന്നോ പേരേ ‘യുവ’ പരിധിയിൽ വരൂ. ഫലത്തിൽ സതീശൻ പറയുന്ന യുവ, സ്‌ത്രീ പ്രാതിനിധ്യം ഇതിലൊതുങ്ങും. മുതിർന്നവർക്ക്‌ നൽകാൻ സീറ്റുണ്ടാവില്ല.


ഇ‍ൗ തന്ത്രം മനസിലാക്കിയാണ്‌ എംപിമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ സീറ്റ്‌ ഉറപ്പിക്കാനായി നെട്ടോട്ടം ഓടുന്നത്‌. സതീശന്റെ പ്രഖ്യാപനത്തിനെതിരെ കൂടുതൽ പേരുടെ പ്രതികരണങ്ങളും വരുംദിവസങ്ങളിലുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home