അയ്യമ്പുഴയിൽ പന്ത്രണ്ടുകാരിയുടെ മരണം പേവിഷ ബാധയേറ്റല്ലെന്ന് സ്ഥിരീകരണം

കാലടി: അയ്യമ്പുഴ ചുള്ളിയിൽ പനി ബാധിച്ച പന്ത്രണ്ടുകാരിയുടെ മരണം പേവിഷ ബാധയേറ്റല്ലെന്ന് സ്ഥിരീകരണം. അയ്യമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകൾ ജെനീറ്റയാണ് മരിച്ചത്. ജെനീറ്റയുടെ ആന്തരിക ശ്രവം പൂണെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം ലഭിച്ചതായി അയ്യമ്പുഴ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുട്ടി മരിച്ച അന്ന് തന്നെ അയൽവാസിയുടെ വളർത്തുനായ പേവിഷ ബാധയേറ്റ് ചത്തിരുന്നു. കുട്ടിയുടെ വീട്ടിലെ നായയും ചത്തു. ഇതോടെയാണ് കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ ആന്തരിക ശ്രവം പൂണയിലേക്ക് അയച്ചത്. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ, നിപ്പ വൈറസ് മൂലമുള്ള പനി, റേബിസ് ( പേവിഷ ബാധ) എന്നിവയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തിയത്.
പരിശോധയിലെ എല്ലാ ഫലങ്ങളും നെഗറ്റീവ് ആണ്. അതിനാൽ മരണ കാരണം വ്യക്തമായിട്ടില്ല. കുട്ടി പേവിഷ ബാധയോ ഡെങ്കി പനിയോ എലിപ്പനിയോ ഏതെ ങ്കിലും അസാധാരണ വൈറൽ പനിയോ മൂലമല്ല മരണപ്പെട്ടത് മെഡിക്കൽ ഓഫീസർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.
കഴിഞ്ഞ ആറാം തിയതിയാണ് കുട്ടി മരിച്ചത്. രണ്ട് ദിവസമായി ജെനീറ്റ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ പനി കൂടി രക്തം ഛർദിച്ചിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മഞ്ഞപ്ര സെൻ്റ് മേരീസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.










0 comments