ad
Deshabhimani

പ്രസവത്തെക്കുറിച്ചുള്ള അശാസ്ത്രീയ പരാമർശം; അഖിൽ മാരാർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

Akhil Marar.jpg

അഖിൽ മാരാർ

വെബ് ഡെസ്ക്

Published on Apr 23, 2026, 08:46 AM | 1 min read

കൊച്ചി: പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാരുടെ വിവാദ പരാമർശത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടർ രംഗത്ത്.


വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ശാസ്ത്രീയ ചികിത്സാരീതികളെ അപകീർത്തിപ്പെടുത്തുകയും ചെയ്ത അഖിൽ മാരാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ പ്രതിഭയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.


ഒരു കാലത്ത് സ്ത്രീകൾ വളരെ 'കൂൾ' ആയി ചെയ്തിരുന്ന കാര്യമാണ് പ്രസവമെന്നും, ആശുപത്രികളും രക്ഷിതാക്കളും ചേർന്നാണ് ഇതിനെ പേടിപ്പെടുത്തുന്ന ഒന്നാക്കി മാറ്റിയതെന്നുമാണ് അഖിൽ മാരാർ പ്രസംഗിച്ചത്.


പണ്ട് പ്രസവിച്ച ഉടനെ സ്ത്രീകൾ രണ്ട് കിലോ അരി ഇടിക്കുമായിരുന്നു. അത്ര നിസ്സാരമായി സ്ത്രീകൾ എൻജോയ് ചെയ്തിരുന്ന ഒരു പ്രക്രിയയെ ആശുപത്രികൾ ചേർന്ന് സങ്കീർണ്ണമാക്കി. ഗർഭിണിയായാൽ തനിക്കെന്തോ മാരക രോഗമാണെന്ന് പെൺകുട്ടികളുടെ മനസ്സിൽ ഇട്ടുകൊടുക്കുകയാണ്.


ഒടുവിൽ പേടിപ്പിച്ച് സിസേറിയനിലേക്ക് എത്തിക്കുന്നു എന്നായിരുന്നു മാരാരുടെ പരാമർശം. വീടുകളിലെ പ്രസവം (ഹോം ഡെലിവറി) നിരുത്സാഹപ്പെടുത്താൻ മാർഗരേഖ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന വ്യക്തിയാണ് ഡോ. കെ പ്രതിഭ.


മാരാരുടെ പരാമർശം ശാസ്ത്രീയ അവബോധത്തിന് വിരുദ്ധമാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾ തടയണമെന്നും പരാതിയിൽ പറയുന്നു. പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങളെയും ആധുനിക വൈദ്യശാസ്ത്രത്തെയും പരിഹസിക്കുന്ന സ്ഥാനാർത്ഥിയുടെ നിലപാടിനെതിരെ സൈബർ ഇടങ്ങളിലും പ്രതിഷേധം ശക്തമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home