print edition സ്വകാര്യ പ്രാക്‌ടീസ് നീക്കത്തിന് പിന്നിൽ ഒത്തുകളി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ് തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തിനുപിന്നിൽ വകുപ്പിലെ ഉന്നതരുടെ ഒത്തുകളി. എൽഡിഎഫ് സർക്കാർ അവസാനിപ്പിച്ച സ്വകാര്യ പ്രാക്‌ടീസ് നടപ്പാക്കാൻ മന്ത്രിയുടെ ഓഫീസിലെ സുപ്രധാന സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ പിന്തുണയുണ്ടെന്നാണ് സൂചന.
സ്വകാര്യ ആശുപത്രികളിൽ ഫീസ് കൂടുതലായതിനാൽ ജനറല്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലെയും പ്രഗത്ഭ ഡോക്‌ടര്‍മാർക്ക് ഒഴിവ് സമയങ്ങളില്‍ ചെറിയ തുക വാങ്ങി രോഗികളെ പരിശോധിക്കാൻ അനുമതി നൽകണമെന്നാണ് സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് എന്ന സംഘടനയുടെ നിവേദനത്തിലുള്ളത്. സ്വകാര്യ പ്രാക്‌ടീസ് നടപ്പാക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലൈ 28ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് ഉത്തരവ് നൽകി. സർക്കാരിന്റെ നിർദേശപ്രകാരം റിപ്പോർട്ട് നൽകാനായി കോൺഗ്രസ് അനുകൂല ഡോക്‌ടർമാരുടെ സംഘടനകളെ ബുധനാഴ്‌ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ ചേംബറിൽ യോഗത്തിനും ക്ഷണിച്ചു. എന്നാൽ, യോഗം വിളിച്ചതറിയില്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരൻ ഒഴിഞ്ഞുമാറി.
2026 ഫെബ്രുവരി 23 തീയതി രേഖപ്പെടുത്തിയ നിവേദനം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ തീരുമാനമെന്ന നിലയിൽ വ്യാഖ്യാനിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. നിവേദനത്തിൽ സംഘടനയുടെ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ഒപ്പില്ല. വൈസ് പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ഷാജഹാൻ എന്നയാളാണ് നിവേദനം സമർപ്പിച്ചത്. ഫെബ്രുവരിയിലെ കത്തിൽ ജൂലൈയിൽ നടപടിയെടുത്തത് എന്തിനെന്ന് ആരോഗ്യവകുപ്പിന് മറുപടിയില്ല. വിവിധ സംഘടനകളെ ക്ഷണിച്ച യോഗത്തിൽ കെജിഎംഒഎ പോലുള്ള സുപ്രധാന സംഘടനകളെയും ക്ഷണിച്ചിരുന്നില്ല.










0 comments