കോളേജ് അധ്യാപക ഒഴിവുകൾ കുറഞ്ഞത് യുജിസി ചട്ടങ്ങൾ കാരണം: മന്ത്രി ബിന്ദു

തിരുവനന്തപുരം: കോളേജ് അധ്യാപക ഒഴിവുകൾ കുറഞ്ഞത് യുജിസി ചട്ടങ്ങൾ കാരണമാണെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന യുജിസി ചട്ടം അനുസരിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ പല തസ്തികകളും അധികമായി. 2020ന് മുമ്പുള്ള തസ്തികകൾ സൂപ്പർ ന്യൂമററിയാക്കി അധികമുള്ള അധ്യാപകരെ സംരക്ഷിക്കുകയായിരുന്നു. വിരമിക്കുന്ന മുറയ്ക്കും ജോലി ഉപേക്ഷിക്കുമ്പോഴും ഈ തസ്തികകൾ ഇല്ലാതാകും. ഇതോടെ വിരമിക്കുമ്പോൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാൻ ഒഴിവില്ലാതെയായി.
പുതിയ കോഴ്സുകൾ അനുവദിച്ചിടത്തെ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യുകയും അധ്യാപക നിയമന ശുപാർശ നൽകുകയും ചെയ്തു. ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഉറുദു എന്നീ കോഴ്സുകൾ താരതമ്യേന കുറച്ചു കോളേജുകളിൽ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. ഇവിടെ പുതിയ തസ്തിക നിലവിലില്ല. ഈ കോളേജുകളിൽ ഏറ്റവും ഒടുവിൽ ജോലിക്ക് കയറിയവർ വിരമിക്കണമെങ്കിൽ വർഷങ്ങൾ കഴിയും. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിന്റേത്. എന്നാൽ നിയമപരമായ ചട്ടക്കൂടിൽ നിന്നേ നിയമനം നടത്താനാകൂ. 115 തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി നിയമന ശുപാർശ അയച്ചെന്നും മന്ത്രി പറഞ്ഞു.










0 comments