എംഡിഎംഎ കേസ്: നിലമ്പൂരിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

പിടിയിലായ സുഹൈൽ, സുബ്രമണ്യൻ, വിവേക്, റീന എന്നിവർ
നിലമ്പൂർ: ബ്യൂട്ടി പാർലറിൻ്റെ മറവിൽ ലഹരി ഇടപാട് നടത്തുന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പൊലീസിൻ്റെ പിടിയിൽ. മലപ്പുറം മമ്പാട് കോളജ് ഗെസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ ജവഹർ നഗർ ചിറയിൽ സുബ്രമണ്യൻ (38), പത്തിരിയാൽ ടി എൻ റീന, കല്ലേമ്പാടം തിരുത്തയിൽ വിവേക് (36) എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്നാണ് ഡാൻസാഫ് ടീം, നിലമ്പൂർ പൊലീസ് എന്നിവർ ചേർന്ന് ജിഎംയുപി സ്കൂളിന് സമീപം സുബ്രമണ്യൻ്റ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ പരിശോധന നടത്തിയത്. സുബ്രഹ്മണ്യൻ്റെ കൈവശം 0.4 ഗ്രം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ സുഹൈൽ വിവേക്, റീന എന്നിവർക്ക് പതിവായി എംഡിഎംഎ വിൽക്കുന്നതായി വിവരം ലഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വിദ്യാർഥികൾ, സുഹൃത്തുക്കൾ എന്നിവർക്ക് സുഹൈൽ എംഡിഎംഎ വിൽപ്പന നടത്തുന്നതായി തെളിഞ്ഞു. മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ മൂന്ന് വർഷമായി കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയാണ്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് മൊത്ത വിതരണക്കാരിൽ നിന്ന് എംഡിഎംഎ വാങ്ങി വിൽപ്പന നടത്തുകയാണെന്നാണ് പൊലീസിൻ്റ കണ്ടെത്തൽ. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സുഹൈൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ റഫീക്ക്, ഇൻസ്പെക്ടർ എൻ ബി ഷൈജു, പി സാബിറലി, പിസജീഷ്, സി കെ സജിഷ്, എം കൃഷ്ണദാസ് എം എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.








0 comments