ad
Deshabhimani

വലിച്ചെറിയരുത്, നല്ല വിലയുണ്ട്; പൊന്നുംവിലയോടെ വിപണി തൂക്കി ചിരട്ട

Coconut Shell
avatar
സ്വന്തം ലേഖിക

Published on May 13, 2026, 01:52 PM | 1 min read

കോഴിക്കോട്: തേങ്ങയെടുത്ത് ചിരട്ട വലിച്ചെറിയുന്ന കാലം കഴിഞ്ഞു. പൊന്നുംവിലയോടെ വിപണി തൂക്കി മുന്നേറുകയാണ് ചിരട്ട. കിലോയ്ക്ക് 32 മുതൽ 35 വരെയാണ് മൊത്തക്കച്ചവടക്കാര്‍ നൽകുന്നത്.


തമിഴ്നാട്ടിൽനിന്നും കര്‍ണാടകത്തിൽനിന്നുമുള്ള മൊത്തക്കച്ചവടക്കാരാണ് ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട ശേഖരിക്കുന്നത്. പാഴ്-വസ്തുക്കൾ ശേഖരിക്കുന്നവര്‍ പ്ലാസ്റ്റിക്കിനും കടലാസിനുംമുമ്പേ ഇപ്പോൾ അന്വേഷിക്കുന്നതും ചിരട്ടയെയാണ്.


രണ്ടുവര്‍ഷംകൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 10 മുതൽ 15 രൂപ വരെയാണ് ഉണ്ടായിരുന്നത്. കരിയായി ഉപയോഗിക്കാനും കരക‍ൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ നിർമിക്കാനുമാണ്​ ചിരട്ട കൂടുതലായി ഉപയോഗിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിക്കാനും പ്ലൈവുഡ് മേഖലയിൽ മരത്തിനോടൊപ്പം കൂട്ടി ശക്തി വര്‍ധിപ്പിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. സ്വർണപ്പണിക്കായും സ‍ൗന്ദര്യ വർധകവസ്​തുക്കൾ നിർമിക്കാനും ചെടികൾക്ക്​ വളമായും കരി​യെടുക്കുന്നുണ്ട്. ദീര്‍ഘനേരം കത്തുന്നതിനായി ചന്ദനത്തിരി നിര്‍മാണത്തിൽ ചിരട്ടപ്പൊടിയും ഉപയോഗിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ ക്ഷാമത്തിൽ വലയുന്ന ഹോട്ടൽ വ്യാപാരികളും വിറകുപയോഗം കൂട്ടിയതിനാൽ ചിരട്ടയെ ആശ്രയിക്കുന്നു.


അതേസമയം, വിപണി വാണിരുന്ന തേങ്ങയുടെ വില ഇടിയുകയാണ്. പച്ചത്തേങ്ങ കിലോഗ്രാമിന് 80- രൂപ വരെയുണ്ടായിരുന്നത് 35 രൂപ വരെ താഴ്-ന്നിരുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ തേങ്ങ ഉല്‍പ്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവും വിലയിടിവിന് കാരണമായി പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home