സ്പൈസ് ജെറ്റ് സർവീസുകളിൽ തുടർച്ചയായി തടസം; മോശം കാലാവസ്ഥയെന്നത് തെറ്റായ വിശദീകരണമെന്ന് സിയാൽ

നെടുമ്പാശേരി : സ്പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര സർവീസുകളിലടക്കം തുടർച്ചയായുണ്ടാകുന്ന പ്രവർത്തന തടസ്സങ്ങളിൽ ആശങ്കയുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). കൊച്ചിയിൽ നിന്നുള്ള സർവീസുകളെയും തടസ്സം ബാധിച്ചതായി സിയാൽ അറിയിച്ചു. കൊച്ചിയിലെ മോശം കാലാവസ്ഥയാണ് വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമെന്ന് സ്‌പൈസ്‌ജെറ്റ് നൽകിയ അറിയിപ്പിനെതിരെയും സിയാൽ രംഗത്തെത്തി. സ്പൈസ് ജെറ്റിന്റെ സമൂഹമാധ്യമങ്ങളിലെ വിശദീകരണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് സിയാൽ വ്യക്തമാക്കി.
വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ട തരത്തിലുള്ള പ്രതികൂല കാലാവസ്ഥ കൊച്ചിയിൽ ഉണ്ടായിരുന്നില്ലെന്നും സ്‌പൈസ്‌ജെറ്റ് തെറ്റായ വിവരം പ്രചരിപ്പിക്കുകയാണെന്നും സിയാൽ വ്യക്തമാക്കി. കൊച്ചിയിൽനിന്ന് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളൊന്നും കാലാവസ്ഥയെ തുടർന്ന് വിമാനം റദ്ദാക്കിയിട്ടില്ലെന്നും സിയാൽ വ്യക്തമാക്കി.
കൊച്ചി വിമാനത്താവളത്തിലുൾപ്പെടെ സ്‌പൈസ്‌ജെറ്റിന്റെ അന്താരാഷ്ട്ര സർവീസുകൾ വ്യാപകമായി മുടങ്ങിയെന്നും യാത്രക്കാർക്ക് ഇത് അസൗകര്യമുണ്ടാക്കിയെന്നും സിയാൽ അറിയിച്ചു. യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിൽ സ്പൈസ് ജെറ്റ് നടപടി സ്വീകരിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളായെന്നും സിയാൽ പറഞ്ഞു. യാത്രക്കാർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകാൻ സിയാൽ ശ്രമിച്ചിട്ടുണ്ടെന്നും സിയാൽ അറിയിച്ചു.
സ്പൈസ് ജെറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സർവീസ് സ്ഥിതിയും സമയക്രമവും കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും സിയാൽ നിർദേശിച്ചു.
എന്നാൽ യാത്രക്കാർക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനുള്ള അറിയിപ്പ് മാത്രമാണ് നൽകിയതെന്ന് സ്‌പൈസ്‌ജെറ്റ് പ്രതികരിച്ചു. വിമാനങ്ങൾ റദ്ദാക്കിയെന്ന് അറിയിപ്പിൽ പറഞ്ഞിട്ടില്ലെന്നും കൊച്ചിയിൽനിന്നുള്ള സർവീസുകൾ പതിവുപോലെ നടത്തിയെന്നും കമ്പനി വ്യക്തമാക്കി. അറിയിപ്പ് മൂലം ഉണ്ടായ ആശയക്കുഴപ്പത്തിൽ ഖേദം പ്രകടിപ്പിച്ച സ്‌പൈസ്‌ജെറ്റ് കമ്പനി, സർവീസുകൾ സാധാരണ നിലയിൽ തുടരുന്നതായും അറിയിച്ചു.









0 comments