print edition ഇവിടെ തളിർക്കും പുതുജീവിതങ്ങൾ ; കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു

കൊച്ചി
അർബുദരോഗികൾക്ക് പ്രതിരോധവും രോഗവിമുക്തിയുമേകി പുതുജീവിതം സമ്മാനിക്കുകയെന്ന ലക്ഷ്യവുമായി ലോകോത്തര ചികിത്സ സൗകര്യങ്ങളോടെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററി (സിസിആർസി) ന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സിസിആർസിയുടെ നാൾവഴികൾ മുഖ്യമന്ത്രി പങ്കുവച്ചു.
ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരും പ്രൊഫ. എം കെ സാനുവും ഡോ. സി കെ രാമചന്ദ്രനും കൊച്ചിയിൽ ക്യാൻസർ ചികിത്സാലയമെന്ന ജനകീയ ആവശ്യത്തിന്റ മുൻനിരയിൽനിന്നുവെന്നും മറ്റുള്ളവരും അതിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. വ്യവസായ മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. സിസിആർസി സ്‌പെഷൽ ഓഫീസർ എസ് സുഹാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സിസിആർസി ഡയറക്‌ടർ ഡോ. പി ജി ബാലഗോപാലിന് ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കറ്റ് ലോകബാങ്ക് സൗത്ത് ഈസ്റ്റ് ഏഷ്യ ലീഡ് ആതിഫ് സയിദ് കൈമാറി. 449 കോടി ചെലവഴിച്ചാണ് ഒന്പതുനില കെട്ടിടം നിർമിച്ചത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കല്ലിടലിൽ ഒതുക്കിയതാണ് പദ്ധതി. 2016ൽ എൽഡിഎഫ് സർക്കാർ ചുമതലയേറ്റശേഷം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ക്യാൻസർ സെന്റർ ഐപി വിഭാഗം തുടങ്ങി. 2018ൽ കിഫ്ബിവഴി 345 കോടി വകയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു.
2021ൽ പി രാജീവ് മന്ത്രിയായതോടെ നിർമാണം വേഗത്തിലാക്കി. കെട്ടിടവും നൂതന ഉപകരണ, യന്ത്രസംവിധാനങ്ങളും ഒരുക്കി. ക്യാൻസർ ഗവേഷണത്തിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ലാബുമായി ധാരണപത്രം ഒപ്പുവച്ചു. ഡോക്‌ടർമാരുടേതുൾപ്പെടെ 190 തസ്‌തികകളും അനുവദിച്ചു.
(പേജ് 16 കാണുക)










0 comments