കേന്ദ്ര ‘ബ്ലൂ ഇക്കോണമി’ നയം: കടൽമണൽ ഖനനത്തിനെതിരെ 27ന് തീരദേശ ഹർത്താൽ


സ്വന്തം ലേഖകൻ
Published on Feb 01, 2025, 12:00 AM | 1 min read
ആലപ്പുഴ : സമുദ്രമേഖലയെ കുത്തകകൾക്ക് തീറെഴുതി കേന്ദ്രസർക്കാർ നടപ്പാക്കുന്ന കടൽമണൽ ഖനനത്തിനെതിരെ 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യത്തൊഴിലാളി കോ–- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 17ന് കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് സംയുക്ത സമരപ്രഖ്യാപന കൺവൻഷൻ നടക്കും. മാർച്ച് 12ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യും. കടൽമണൽ ഖനനത്തിനെതിരെ മേഖലയിലെ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ ആലപ്പുഴയിൽ ചേർന്ന വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
ഹർത്താലിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും വിതരണക്കാരും ഹാർബർ, മാർക്കറ്റുകൾ എന്നിവയും ഭാഗമാകും. രാഷ്ട്രീയപാർട്ടികളും സമുദായസംഘടനകളും എൻജിഒകളും പങ്കാളികളാകും.
കേന്ദ്രസർക്കാരിന്റെ ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായി കടലിലെ മണലും ധാതുസമ്പത്തും കോർപറേറ്റുകൾക്ക് എഴുതികൊടുക്കുന്ന നീക്കത്തെ നേരിടും. മണ്ണെടുക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആഴം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ആലപ്പുഴയില്‍ നടന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ, ധീവരസഭ സെക്രട്ടറി വി ദിനകരന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, പീറ്റര്‍ മര്‍ത്ത്യാസ് (ബോട്ടുടമ സംഘടന), ജി ലീലാ കൃഷ്ണന്‍, ബിനു പൊന്നന്‍ (മത്സ്യതൊഴിലാളി കോണ്‍ഗ്രസ്), പി ഐ ഹാരീസ്, സി ഷാംജി (സിഐടിയു), ചാള്‍സ് ജോര്‍ജ് (ടിയുസിഐ), അനില്‍ ബി കളത്തില്‍, എ ഷാജഹാന്‍ , എന്‍ കെ ശശികുമാര്‍, രാജു ആശ്രയം, ആന്റണി, സലിംബാബു തുടങ്ങിയവര്‍ സംസാരിച്ചു.










0 comments