18 വേദികൾ, 46 സെമിനാറുകൾ, മൂവായിരം പ്രതിനിധികൾ; അഞ്ചാമത് കേരള പഠന കോൺഗ്രസിന് ഒരുക്കങ്ങൾ സജ്ജം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ഫെബ്രുവരി 21, 22 തിയതികളിൽ എകെജി ഹാൾ, എകെജി പഠനഗവേഷണകേന്ദ്രത്തിലെ ഹാളുകൾ, ഹസൻമരിക്കാർ ഹാൾ, യൂണിവേഴ്സിറ്റി കോളേജിലെ വിവിധ ഹാളുകൾ എന്നിങ്ങനെ 18 വേദികളിലായാണ് പഠനകോൺഗ്രസ് സംഘടിപ്പിക്കുന്നത്. 46 ചർച്ചാ സമ്മേളനങ്ങളും ഉദ്ഘാടന സമാപന സമ്മേളനങ്ങൾക്ക് പുറമേ നാല് സിമ്പോസിയങ്ങളും ഉണ്ടാവും.
ഫെബ്രുവരി 21ന് രാവിലെ 10ന് എകെജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് ഉദ്ഘാടനം ചെയ്യും. 22ന് മൂന്ന് മണിക്ക് എകെജി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ മാണി എംപി, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, മന്ത്രിമാർ, കേരളത്തിലെ ഇടതുപക്ഷ എംപിമാർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, അക്കാദമിക് കമ്മിറ്റി ചെയർപെഴ്സൺ എസ് രാമചന്ദ്രൻപിള്ള, സെക്രട്ടറി ഡോ.ടി എം തോമസ് ഐസക് എന്നിവർ പങ്കെടുക്കും.
പഠനകോൺസ് വിജയിപ്പിക്കുന്നതിനായി വി ശിവൻകുട്ടി ചെയർമാനും വി ജോയി കൺവീനറും ആയ 200 അംഗ സ്വാഗതസംഘം പ്രവർത്തിക്കുന്നുണ്ട്. ഇത്തവണ പഠന കോൺഗ്രസിൻ്റെ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലൂടെയാണ് നടന്നത്. രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് താമസവും ഭക്ഷണവും ചർച്ചയ്ക്കുള്ള രേഖകളും നൽകുന്നുണ്ട്. രേഖകൾ നാല് സഞ്ചികളായാണ് നൽകുന്നത്. പഠന കോൺഗ്രസ് പൂർണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാവും നടത്തുക.
46 വിഷയാധിഷ്ഠിത സെമിനാറുകളിലായി കേരളത്തിൻ്റെ ഭാവിനയരൂപീകരണ ചർച്ചകളിൽ പ്രതിനിധികൾക്ക് പുറമേ മുന്നൂറോളം വിദഗ്ദ്ധരാണ് പങ്കെടുക്കുക. പഠന കോൺഗ്രസിന് മുന്നോടിയായി വിവിധ ജില്ലകളിൽ നടന്ന വിഷയാധിഷ്ഠിത സെമിനാറുകളിൽ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.
സി പി ചന്ദ്രശേഖർ, വെങ്കിടേഷ് ആർത്രേയ, അനിത രാംപാൽ, കെ എം ചന്ദ്രശേഖർ തുടങ്ങിയ സാമ്പത്തിക നയരൂപീകരണ വിദഗ്ധർ, ഡോ. പി ജി ശെങ്കപ്പ, ഡോ എൻ സി നാരായണൻ, ഡോ. ഗോപിനാഥ് രവീന്ദ്രൻ, ആൽബർട്ട് തോമസ്, ഡോ. കാന എം സുരേഷ്, ഡോ. സി ടി അരവിന്ദകുമാർ തുടങ്ങിയ അക്കാദമിക വിദഗ്ദ്ധർ, വിജു ജേക്കബ്, ടോണി തോമസ്, ശ്രുതി ഷിബുലാൽ തുടങ്ങിയ വ്യവസായ പ്രമുഖർ, ശശികുമാർ, കെ ജെ ജേക്കബ്, രാജഗോപാൽ, ഡോ അരുൺ കുമാർ തുടങ്ങിയ മാധ്യമ പ്രവർത്തകർ, ഐ എം വിജയൻ, കെ എം ബീനാമോൾ തുടങ്ങിയ കായിക പ്രതിഭകൾ, എസ് എം വിജയാനന്ദ്, ഡോ. ബി ഇക്ബാൽ, സി രവീന്ദ്രനാഥ്, ഡോ. ജോ ജോസഫ്, ജേക്കബ് പുന്നൂസ്, ഫാദർ സജി ഇളമ്പശ്ശേരിയിൽ തുടങ്ങി വിവിധ മേഖലകളിൽ പ്രമുഖരായ മുന്നൂറോളം പേരാണ് ചർച്ചകൾ നയിക്കുന്ന പാനലുകളിൽ ഉള്ളത്.
ആദ്യപഠനകോൺഗ്രസ് നടക്കുമ്പോൾ കേരള വികസനവുമായി ബന്ധപ്പെട്ട പ്രധാന ജനകീയ ചർച്ച എന്ന നിലയിൽ ആയിരക്കണക്കിന് വിദഗ്ദ്ധരായ ആളുകൾക്ക് ഇഎംഎസ് നേരിട്ട് കത്തയച്ച് അഭിപ്രായം തേടിയിരുന്നു. അതിൻ്റെ തുടർച്ചയായി ഇപ്പോഴും ചർച്ചകളിൽ ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് പഠന കോൺഗ്രസിൻ്റെ ചീഫ് പാട്രൺ കൂടിയായ മുഖ്യമന്ത്രി, വിവിധമേഖലകളിൽ വിദഗ്ദ്ധരായ 25000 പേർക്ക് കത്തയച്ചു. വളരെ നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്. അവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ ഉൾപ്പെടുത്തി ഒരു പുസ്തകം കൂടി പ്രതിനിധികൾക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
1994 ൽ ഇഎംഎസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പഠന കോൺഗ്രസ് കോവിഡിൻ്റെ സാഹചര്യത്തിൽ 2021 ൽ ഒഴികെ ഓരോ അഞ്ചു വർഷം കൂടുമ്പോഴും നടന്നുവരികയാണ്. ഒരു നാടിൻ്റെ വികസന നയരൂപീകരത്തിനായി രാജ്യത്ത് നടക്കുന്ന ഏറ്റവും വിപുലവും ജനകീയവുമായ ചർച്ചാ സമ്മേളനമാണ് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസുകൾ. വിദഗ്ദ്ധർ മുതൽ സാധാരക്കാർ വരെ പങ്കുചേരുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോം. കക്ഷിരാഷ്ട്രീയത്തിനതീതമായി വികസന വിഷയങ്ങളിൽ വലിയ യോജിപ്പിനുള്ള മേഖലകൾ തുറന്നിടാൻ പഠനകോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. 1994ന് ശേഷം കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾക്ക് വഴികാട്ടുന്നതിൽ പഠനകോൺഗ്രസുകൾ വലിയ പങ്കാണ് വഹിച്ചത്.










0 comments