"ഏത് തരം മാധ്യമപ്രവർത്തനമാണ്?" അതിദാരിദ്ര്യമുക്ത പദ്ധതിയിൽ മനോരമയുടെ നുണപ്രചാരണം തുറന്നുകാട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിനാകെ മാതൃകയായി കേരളം നടപ്പാക്കിയ അതിദാരിദ്ര്യമുക്ത പദ്ധതിയുടെ പേരിൽ വ്യാജപ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ച യുഡിഎഫ് പത്രം മലയാള മനോരമയെ തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വിമോചനസമരകാലത്ത് സിഐഎയുടെ പണംവാങ്ങിയ ചിലമാധ്യമങ്ങൾ ഇന്നും അതേരീതി തുടരുകയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളത്തിലെ ഏറ്റവും വലിയ വാർത്താപത്രം എന്നാണ് മലയാള മനോരമ അവകാശപ്പെടാറുള്ളത്. ജനുവരി 5ന് മനോരമ നൽകിയ തലക്കെട്ട് അപ്പോൾ അന്ന് പറഞ്ഞതോ എന്നാണ്. അതിദാരിദ്ര്യമുക്തമായ കേരളം അങ്ങനെ ആയില്ലെന്നും വ്യാപകമായ വിമർശനങ്ങൾക്കുപിന്നാലെ സർക്കാർ പുതിയ പദ്ധതിയുമായി വരുന്നു എന്നുമാണ് മനോരമ എഴുതിയത്.
നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയില്‍, പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രണ്ട് ചടങ്ങുകളാണ് നടത്തിയത്. ഒന്ന് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാശനം, രണ്ട് ഇപിഇപി 2.0 (അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ രണ്ടാം ഘട്ടം) പദ്ധതിരേഖയുടെ പ്രകാശനം. അന്ന് ലോകം മുഴുവന്‍ കണ്ട ആ ചടങ്ങും പദ്ധതി പ്രഖ്യാപനവുമാണ് 63 ദിവസം കഴിഞ്ഞ് മനോരമ പുതിയൊരു 'കണ്ടുപിടുത്തമായി' അവതരിപ്പിച്ചത്.
അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം പാളിപ്പോയതുകൊണ്ട് സര്‍ക്കാര്‍ രണ്ടാം ഘട്ടവുമായി വരുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കാനാണ് മനോരമ ശ്രമിച്ചത്.
2022 ലാണ് 64006 അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയത്. അവരെ 3 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിലൂടെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുകയായിരുന്നു. 2022ന് ശേഷം പുതുതായി ആരെങ്കിലും ആ അവസ്ഥയിലേക്ക് പോയിട്ടുണ്ടോ എന്ന് കണ്ടെത്തി അവരെ മോചിപ്പിക്കാനാണ് രണ്ടാം ഘട്ടം. ഒപ്പം, ഇപ്പോള്‍ അതിദാരിദ്ര്യമുക്തരായ ഒരാളും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനുമാണ് ഇപിഇപി 2.0.
2022ലാണ് 64,006 അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയത്. കൃത്യമായ മൈക്രോ പ്ലാൻ അതിനുണ്ടായിരുന്നു. അതിദാരിദ്ര്യ നിർമാർജനം എന്നത് തുടർപ്രക്രിയയാണ്. നാടിനാകെ അഭിമാനം പകരുന്ന പദ്ധതിയെ കരിവാരിത്തേക്കുന്നത് ഏത് തരം മാധ്യമപ്രവർത്തനമാണ്. വ്യാജവാർത്തകൾ ചമയ്ക്കുന്നവരുടെ ലക്ഷ്യം എന്താണ്? ജനങ്ങൾക്കെതിരായ രാഷ്ട്രീയലക്ഷ്യമാണ് ഇത്തരം മാധ്യമങ്ങൾക്ക്. അതേ മാനസികാവസ്ഥയാണ് വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഭീകരതയെ നിസാരവത്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments