'കൂടുതൽ സീറ്റുകളോടെ ജനം എൽഡിഎഫിനെ സ്വീകരിക്കും; ആത്മവിശ്വാസം വെറുതെയല്ല': മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ അനുഭവം വിലയിരുത്തുമ്പോൾ കൂടുതൽ സീറ്റുകളോടെ ജനങ്ങൾ എൽഡിഎഫിനെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഉൾപ്പടെ കേരളത്തിന്റെ ഓരോ രംഗത്തും അത്ഭുതാവഹമായ മാറ്റമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനറൽ ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന നിലയിലേക്ക് മാറി എന്നതാണ് കേരളത്തിന്റെ എൽഡിഎഫ് കാലത്തെ വളർച്ച അഴിമതി ഏറ്റവും കുറഞ്ഞ നാട് എന്ന പ്രത്യേകത നമ്മുടെ നാടിനുണ്ട്. രാജ്യത്ത് വ്യാപകമായി അഴിമതിയുള്ള കാലഘട്ടത്തിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന നാടാണ് കേരളമെന്ന ഔദ്യോഗികമായ കണക്കുകൾ തന്നെയുണ്ട്.
കേരളത്തിൽ ഏതെങ്കിലും പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കുന്നതിന് ഇന്നത്തെ കാലത്ത് കൈക്കൂലി കൊടുക്കണോ, ഇത് ഈ കാലത്തിന്റെ പ്രത്യേകതയാണ്. പഴയകാലത്ത് ഇതല്ല സ്ഥിതി.
ഇത് കാലത്തിന്റെ മാത്രം മാറ്റമല്ല. അതിന് എൽഡിഎഫിന്റേതായ പങ്കുണ്ട്. എൽഡിഎഫ് സ്വീകരിച്ച നയമാണ് ആ മാറ്റത്തിനു കാരണം. തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസത്തിന് മതിയായ കാരണങ്ങളുണ്ട്. കൂടുതൽ സീറ്റുകളോടെ ജനങ്ങൾ എൽഡിഎഫിനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുവായകാര്യങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതിൽ നാടിൻറെ അനുഭവം വച്ചാണ് ജനങ്ങൾ വിധിയെഴുതുക.
കഴിഞ്ഞ 10 വർഷക്കാലത്തെ അനുഭവം വിലയിരുത്തുമ്പോൾ അതിനു മുൻപുള്ള അവസ്ഥ ജനങ്ങൾ താരതമ്യം ചെയ്യും. കേരളം ഇന്ന് ലോകോത്തര നിലവാരത്തിലേക്കാണ് എത്തിനിൽക്കുന്നത്.
ശിശുമരണ നിരക്ക് ലോകത്തേറ്റവും കുറഞ്ഞനിരക്കിലാണ്. ഇക്കാര്യത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് കേരളം. അതുപോലെ തന്നെയാണ് മാതൃമരണ നിരക്ക്. രാജ്യത്തിൻറെ ഒന്നാം സ്ഥാനത്താണ് പലകാര്യങ്ങളിലും കേരളം.
ലോകം തന്നെ ശ്രദ്ധിക്കുന്ന നാടായി മാറി. ഒട്ടേറെ സ്കൂളുകൾ അടച്ചുപൂട്ടാൻ നിൽക്കുമ്പോഴാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. ആ വിദ്യാഭ്യാസരംഗമാണ് ഇപ്പോൾ ഫലപ്രദമായി മുന്നേറുന്നത്.
ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ കൈയിൽ പാഠപുസ്തകമുണ്ട് എന്നത് തന്നെയാണ് ഏറ്റവും അടിസ്ഥാനമായ ഒരു ഉദാഹരണം. തെരഞ്ഞെടുപ്പിൽ ആളുകളുടെ അനുഭവത്തിലുള്ള മാറ്റങ്ങളുടെ ഭാഗമായി സംസ്ഥാനം എങ്ങനെ പോകണം എന്ന് ജനങ്ങൾ തീരുമാനിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments