എൽപിഎസ്ടി സമരത്തിൽ പഴി പിഎസ്‍സിക്ക്; ഇല്ലാത്ത തസ്തികകളിൽ പരീക്ഷ-ഇന്റർവ്യൂ നടത്തുന്നുവെന്ന് മുഖ്യമന്ത്രി

വി ഡി സതീശൻ
തിരുവനന്തപുരം: എൽപിഎസ്ടി സമരത്തിൽ പിഎസ്‍സിയെ പഴിചാരി മുഖ്യമന്ത്രി വി ഡി സതീശൻ. ഇല്ലാത്ത തസ്തികകളിൽ പരീക്ഷ-ഇന്റർവ്യൂ നടത്തി ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി ലിസ്റ്റിൽ പേരുണ്ടെന്ന് പറഞ്ഞ് ആളുകൾ കല്യാണം വരെ നടത്തുന്നു. പക്ഷേ ഇല്ലാത്ത തസ്തികകൾ ഉണ്ടാക്കിയാണ് പിഎസ്‍സി പരീക്ഷ-ഇന്റർവ്യൂ നടത്തുന്നത്. ഇതൊരു ചട്ടം പോലെ ആവർത്തിക്കുകയാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നതായിരുന്നു എൽപിഎസ്‍ടി സമരക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. എന്നാൽ വ്യാപകമായി ഡിവിഷൻ ഫോൾ നടക്കുമ്പോൾ അനുപാതം കുറയ്ക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽപിഎസ്ടിക്കാരുടെ അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചുവെന്നും അനുപാതം കുറയ്ക്കൽ പ്രായോഗികമല്ലെന്നും വേണമെങ്കിൽ സമരക്കാരുമായി ഇനിയും ചർച്ചനടത്താമെന്നും സതീശൻ പറഞ്ഞു.
അധ്യാപക വിദ്യാർഥി അനുപാതം 1.25 ആക്കണമെന്നാണ് എൽപിഎസ്ടിക്കാരുടെ ആവശ്യം. നിലവിലെ അനുപാതം 1: 19 ആണ്. സർക്കാർ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുകയായാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സർക്കാർ സ്കൂളിൽ കുട്ടികളില്ലെന്നുമാണ് സതീശന്റെ പക്ഷം. ഡിവിഷൻ ഫോൾ വരുമ്പോൾ നിലവിലുള്ള അധ്യാപകരുടെ ജോലി പോകുമെന്നും, അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം കൂടില്ല മുഖ്യമന്ത്രി വാദിക്കുന്നു.
അധികാരത്തിൽ വന്നാൽ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിച്ച് പിഎസ്‍സി റാങ്ക്ഹോൾഡേഴ്സിന്റെ പ്രശ്നം പരിഹരിക്കുമെന്ന് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന സതീശൻ ഏത് സർക്കാരിനായാലും ഇല്ലാത്ത തസ്തികകളിൽ നിയമനം നടത്താൻ കഴിയില്ലെന്ന വാദമാണ് മുൻപോട്ടുവെയ്ക്കുന്നത്.








0 comments