print edition വരയിലെ ബാല്യം ക്ലിന്റിന് ഇന്ന് അമ്പതാം ജന്മവാഷികം

കലൂരിലെ വീട്ടിൽ ക്ലിന്റിന്റെ അമ്മ ചിന്നമ്മ
കൊച്ചി: ആറ് വർഷവും പത്ത് മാസവും 26 ദിവസവും മാത്രമാണ് എഡ്‌മണ്ട് തോമസ് ക്ലിന്റ് എന്ന കലയുടെ നിത്യബാല്യം ഇൗ ഭൂമിയിൽ ജീവിച്ചത്. വരകളിലൂടെയും വർണങ്ങളിലൂടെയും ലോകത്തോട് കൊഞ്ചിയ 2522 ദിവസത്തിനിടെ ആ കുഞ്ഞുവിരലുകൾ വരച്ചുതീർത്തത് മുപ്പതിനായിരത്തോളം ചിത്രങ്ങൾ.
വിസ്‌മയങ്ങൾ ഒളിപ്പിച്ച ആ കളർപെൻസിൽ ക്ലിന്റിന്റെ അകാലവിയോഗത്തിലൂടെ ഭൂമിക്ക് നഷ്‌ടമായെങ്കിലും ആസ്വാദകലോകത്തോട് സംവദിച്ച് ആ ചിത്രങ്ങൾ ജീവിക്കുന്നു, ഓർമകളും. 1976 മെയ് 19 ന് ജനിച്ച് 1983 ഏപ്രിൽ 15ന് അന്തരിച്ച എഡ്‌മണ്ട് തോമസ് ക്ലിന്റിന്റെ അന്പതാം ജന്മവാർഷികമാണ് ചൊവ്വാഴ്‌ച.
അസാധാരണവും അനായാസവുമായ ചിത്രമെഴുത്തിലൂടെ ലോകത്തെ അതിശയിപ്പിച്ച ക്ലിന്റ് ജീവിച്ചിരിക്കെതന്നെ ഇതിഹാസമായി മാറിയിരുന്നു. മാതാപിതാക്കളായ ജോസഫും ചിന്നമ്മയും പറഞ്ഞുകൊടുത്ത പുരാണേതിഹാ സ കഥകളിലെ നായകരും സന്ദർഭങ്ങളുംമുതൽ തെയ്യവും ഒരിക്കൽപ്പോലും നേരിട്ട് കണ്ടിട്ടില്ലാത്ത തൃശൂർ പൂരത്തിലെ ആനയെഴുന്നള്ളത്തുംവരെ വർണക്കാഴ്‌ചയാക്കി.
ക്ലിന്റിന്റെ ഓർമകൾ നിലനിർത്താനും ചിത്രങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കാനും ഒട്ടേറെ ശ്രമങ്ങളുണ്ടായി. അതിൽ ഒടുവിലത്തേതാണ് കടവന്ത്രയിൽ ജിസിഡിഎ തുറന്ന ക്ലിന്റ് ആർട്ട് ഗാലറി.
സംസ്ഥാന ബാലചിത്രരചനാ മത്സരം, ക്ലിന്റ് എന്ന പേരിൽ 2017 ൽ ഹരികുമാർ സംവിധാനംചെയ്‌ത സിനിമ, ക്ലിന്റിന്റെ കളിക്കൂട്ടുകാരിയായിരുന്ന അമ്മു നായർ എഴുതിയ ‘എ ബ്രീഫ് ഒൗവർ ഓഫ് ബ്യൂട്ടി’, സെബാസ്‌റ്റ്യൻ പള്ളിത്തോട് എഴുതിയ ‘ക്ലിന്റ്– നിറങ്ങളുടെ രാജകുമാരൻ’ തുടങ്ങിയവ അതിൽ ചിലതുമാത്രം.
ക്ലിന്റിന്റെ ഓർമകളെ താലോലിച്ച് അമ്മ ചിന്നമ്മ ജോസഫ് കലൂർ ജേർണലിസ്‌റ്റ് കോളനിയിലെ വീട്ടിലുണ്ട്. ഭർത്താവ് ജോസഫിന്റെ മരണത്തോടെ ഒറ്റയ്‌ക്കായ എഴുപത്തിരണ്ടുകാരിക്ക് കൂട്ട് അലമാരകളിൽ സൂക്ഷിക്കുന്ന, ക്ലിന്റ് കൈയൊപ്പു ചാർത്തി യ ജീവൻതുടിക്കുന്ന ചിത്രങ്ങൾ.










0 comments