print edition മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു; അത് ഗവേഷണപദ്ധതി കരിമണൽ ഖനനമല്ല

തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യമേഖലയ്‌ക്കു കൈമാറാനുള്ള നിർദേശത്തിൽ കോൺഗ്രസിൽനിന്നുതന്നെ എതിർപ്പുയർന്നപ്പോൾ മുൻ എൽഡിഎഫ-് സർക്കാരിനെതിരെ വസ്തുതാവിരുദ്ധമായ പ്രസ്‌താവനയിലൂടെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കരിമണൽ ഖനനം സ്വകാര്യമേഖലയ്‌ക്ക് നൽകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരിയിലെ ബജറ്റില്‍ വിഴിഞ്ഞം– ചവറ– കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ പ്രഖ്യാപിച്ചിരുന്നു. കെഎംഎംഎല്‍, കെല്‍ട്രോൺ, എന്‍എഫ്ടിഡിസി എന്നിവയെ പങ്കാളികളാക്കി റെയര്‍ എര്‍ത്ത് ആൻഡ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കാൻ 100 കോടി രൂപയും വകയിരുത്തി. ഇൗ സ്ഥാപനങ്ങളെല്ലാം പൊതുമേഖലയിലാണ്. കെഎംഎംഎല്‍ കരിമണല്‍ ഖനനം ചെയ്ത്, ഇല്‍മനൈറ്റ് വേര്‍തിരിച്ചെടുക്കുകയും ബാക്കിവരുന്ന മോണോസൈറ്റ് അടക്കമുള്ള അമൂല്യ ധാതുക്കള്‍ അടക്കമുള്ള മണല്‍ കോണ്‍ക്രീറ്റ് അറകളില്‍ സൂക്ഷിക്കുകയുമാണ് പതിവ്. ഇത് വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ നിലവില്‍ കെഎംഎംഎല്ലിന് ഇല്ല.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എന്‍എഫ്ടിഡിസിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് 18 മാസത്തെ പൈലറ്റ് പ്രോജക്ടിനാണ് കെഎംഎംഎൽ ടെൻഡർ വിളിച്ചത്. അതൊരു ഗവേഷണ പദ്ധതിയാണ്, ഖനനമല്ല. ടെൻഡറിലൂടെ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തെങ്കിലും കേന്ദ്ര-–സംസ്ഥാന സര്‍ക്കാരുകളുടെ നിയമാനുസൃത അനുമതിയുണ്ടായാലേ ധാരണപത്രം ഒപ്പിടുകയുള്ളൂ എന്ന് വ്യവസായ വകുപ്പ് നിർദേശം നൽകിയിരുന്നു. അവർക്ക് പ്രവർത്തനാനുമതി നൽകിയിരുന്നില്ല.
പൈലറ്റ് പ്ലാന്റിൽനിന്നുള്ള മിനറല്‍ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും സൗജന്യമായും കെഎംഎംഎല്ലിന് കൈമാറണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. മന്ത്രിസഭാ തലത്തില്‍ നയപരമായി അംഗീകരിച്ചിട്ടില്ലാത്ത പരീക്ഷണ പദ്ധതിയെക്കുറിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ വളച്ചൊടിച്ചത്– പിണറായി പറഞ്ഞു.










0 comments