ആദ്യ ശ്രമത്തിൽ സിവിൽ സർവീസ്
പ്രതിസന്ധിയിൽ തളരാതെ കൈപിടിച്ചത് അച്ഛനും അമ്മയും; 57ാം റാങ്ക് നേടിയ ജെ എസ് ശ്രീജ

ശ്രീജ മാതാപിതാക്കളോടൊപ്പം
തിരുവനന്തപുരം: പ്രതിസന്ധികളിൽ തളരാതെ ജീവിതത്തോട് പൊരുതി നേടിയ വിജയമാണ് തിരുവനന്തപുരം സ്വദേശിയായ ജെ എസ് ശ്രീജയുടേത്. സാമ്പത്തിക പരിമിതികളോ കുടുംബ സാഹചര്യങ്ങളോ തന്റെ സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് 2025-ലെ സിവിൽ സർവീസ് പരീക്ഷയിൽ ശ്രീജ 57-ാം റാങ്ക് കരസ്ഥമാക്കിയത്. നിർമ്മാണത്തൊഴിലാളിയായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും പൂർണ്ണ പിന്തുണയോടെ, ആദ്യ ശ്രമത്തിൽത്തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
കൂലിപ്പണിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കുടുംബശ്രീയിൽ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കൾ സിവിൽ സർവീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. മകളുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകാൻ കഠിനാധ്വാനം ചെയ്ത മാതാപിതാക്കളാണ് തന്റെ കരുത്തെന്നും, പ്രത്യേകിച്ച് ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ പിന്തുണ പഠനത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്നും ശ്രീജ ഓർക്കുന്നു.
മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശ്രീജ, 2024-ലാണ് സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിച്ചുതീർത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ആണ് ലക്ഷ്യം. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അച്ഛനും അമ്മയും നൽകിയ ആത്മവിശ്വാസവും പ്രോത്സാഹനവുമാണ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ തുണയായതെന്ന ശ്രീജ പറയുന്നു.










0 comments