ad
Deshabhimani

പോർമുഖങ്ങളിൽ കരുത്തോടെ

citu sammelanam
avatar
ടി പി രാമകൃഷ്ണ‌ൻ

Published on Jun 23, 2025, 02:28 AM | 2 min read

കേരളത്തിലെ വഴിയോരങ്ങളിലും അങ്ങാടികളിലും വ്യവസായ കേന്ദ്രങ്ങളിലും ഗ്രാമ–-നഗര വ്യത്യാസമില്ലാതെ തൊഴിലെടുക്കുന്ന വിഭാഗമാണ് ചുമട്ടുതൊഴിലാളികൾ. ഒരുപാട് സാമൂഹ്യ അടിമത്തത്തിനും അനീതിക്കും ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയരായവർ. അവരെ അവകാശബോധമുള്ളവരാക്കി മാറ്റി, സമൂഹത്തിലെ നിർണായക ശക്തിയായി മാറ്റാൻ സിഐടിയു-വിന് കഴിഞ്ഞു. ഒറ്റപ്പെട്ട ചില തെറ്റുകൾ ഉണ്ടായപ്പോൾ ഇവരെ ഒന്നിച്ചാക്ഷേപിക്കുന്ന നിലവന്നു. ഇപ്പോൾ ആ സാഹചര്യത്തിൽനിന്ന്‌ വലിയ മാറ്റംവന്നു. പ്രക്ഷോഭ സമരങ്ങളിലും അവകാശ സംരക്ഷണത്തിലും അണിനിരത്തി നിരന്തരമായ ബോധവൽക്കരണത്തിലൂടെ വർഗബോധത്തിലേക്ക് അവരെ നയിക്കാൻ കഴിഞ്ഞുവെന്നതാണ് ആ മാറ്റത്തിനടിസ്ഥാനം.


തൊഴിൽ ചെയ്യാതെ കൂലി വാങ്ങുന്ന പ്രവണത ചില കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. അതാണ് നോക്കുകൂലിയായി അറിയപ്പെട്ടത്. എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത്‌, തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ എല്ലാ തെറ്റായ പ്രവണതകളെയും കുറച്ചു കൊണ്ടുവരാനും ഇല്ലാതാക്കാനും കഴിഞ്ഞു. ഇന്ന് തൊഴിലാളികളുടെ സംരക്ഷണത്തിന് ചില ഭീഷണി ഉയർന്നുവന്നിട്ടുണ്ട്. തൊഴിൽ കാർഡ് ഉള്ളവർക്കും കാലാകാലങ്ങളായി ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കും ചില ഉടമകൾ തന്നിഷ്ടപ്രകാരം ജോലി നിഷേധിക്കുന്നു. ഇതിന് അടിസ്ഥാനമായി നിയമത്തിലെ ചില പഴുതുപയോഗിച്ച് കോടതിവിധി സമ്പാദിച്ച് അതിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നിഷേധിക്കുന്നു. ചില ഉടമകളുടെ ഈ സമീപനം കേരളത്തിൽ ചുമട്ടുതൊഴിലാളി മേഖലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം ദുർബലപ്പെടുത്താനേ കാരണമാകുകയുള്ളൂ. നിയമത്തിന്റെ പഴുതുകളടച്ച് തൊഴിൽ സംരക്ഷണത്തിന് ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണം. തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക മാത്രമല്ല, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ കഴിയുന്ന ഒരു വിഭാഗമായി ചുമട്ടുതൊഴിലാളികൾ വളർന്നു. ദുരന്തമുഖങ്ങളിൽ ഈ തൊഴിലാളികളുടെ സേവനം കേരളം അനുഭവിച്ചറിഞ്ഞതാണ്.


പ്രകൃതിദുരന്തങ്ങളിലും വാഹനാപകടങ്ങളിലും അങ്ങാടികളിൽ തീപിടിത്തം ഉണ്ടാകുമ്പോഴും ആരെക്കാളും മുൻപന്തിയിൽ വരുന്ന ഒരു വിഭാഗമാണിവർ. ദുരന്തമുഖങ്ങളിൽ പ്രവർത്തിക്കാൻ ശാസ്ത്രീയമായ പരിശീലനം നൽകിവരുന്നു. അപകടം ഉണ്ടാകുമ്പോൾ പ്രഥമശുശ്രൂഷ നൽകുന്നതിനും പരിശീലിപ്പിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എല്ലാ സേവനവും നൽകാൻ തൊഴിലാളികൾ സജ്ജം. എല്ലാ ജില്ലകളിലും "റെഡ് ബ്രിഗേഡ്’ എന്ന ഒരു വിഭാഗത്തെ പരിശീലനം നൽകി വളർത്താൻ സംഘടന ശ്രമിച്ചുവരികയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും സംരക്ഷണം ലഭിക്കാനായി പ്രവർത്തിക്കുന്നു. 2016നുശേഷം ആനുകൂല്യങ്ങളിൽ ഗണ്യമായ വർധനയാണ് വരുത്തിയത്. എല്ലാ തൊഴിലാളികളെയും ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ കൊണ്ടുവരാനും സംഘടന ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. ഫെഡറേഷന്റെ അംഗസംഖ്യ 85,683 ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 7000 മെമ്പർഷിപ് വർധന. അസംഘടിതരായ ചുമട്ടുതൊഴിലാളികളെ പൂർണമായും സംഘടനയിൽ അണിനിരത്തുന്നതിനാവശ്യമായ തീരുമാനം സമ്മേളനം കൈക്കൊള്ളും. (കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റാണ്‌ ലേഖകൻ)



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home