Deshabhimani

---------

Police PRO System
വെബ് ഡെസ്ക്

Published on Oct 30, 2026, 12:28 PM | 1 min read

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി 'സിറ്റിസൺ ഹെൽപ് ഡെസ്ക്' ഏർപ്പെടുത്തുന്നത് സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനസൗഹൃദ പൊലീസ് എന്ന ആശയം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പരാതിയും വിഷമവുമായി സ്റ്റേഷനിലെത്തുന്ന സാധാരണക്കാരന് ലഭിക്കേണ്ടത് അനുഭാവപൂർവ്വമായി ഇടപെടുന്ന മാനുഷികതയുള്ള കേൾവിക്കാരനെയാണ്. എന്നാൽ പിആർഒയെ മാറ്റി പകരം കൊണ്ടുവരുന്ന ഹെൽപ്പ് ഡെസ്ക് ഒരു മെക്കാനിക്കൽ കൗണ്ടർ സിസ്റ്റമായി മാറാനാണ് സാധ്യത. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാനും ആശ്വാസം നൽകാനും പ്രത്യേകമായി ഒരു ഉദ്യോഗസ്ഥൻ ഇല്ലാതാകുന്നത് ആളുകൾക്ക് പൊലീസിനോടുള്ള മാനസികമായ അകൽച്ച വർധിപ്പിക്കും.


സൈബർ പരാതികൾ, വിവരാവകാശം, എഫ്ഐആർ പകർപ്പ്, വിവിധ അപേക്ഷകൾ തുടങ്ങി പന്ത്രണ്ടോളം വ്യത്യസ്ത കാര്യങ്ങളാണ് ഒരൊറ്റ ഹെൽപ്പ് ഡെസ്കിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. കമ്പ്യൂട്ടർ എൻട്രികളും ക്ലറിക്കൽ ജോലികളും ചെയ്യുന്ന തിരക്കിനിടയിൽ, സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാനോ അവരെ സഹായിക്കാനോ അവിടുത്തെ ജീവനക്കാർക്ക് സാധിക്കാതെ വരും. ഇത് സാധാരണക്കാരെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും പിണറായി വിജയൻ പറഞ്ഞു.


പൊലീസിനെ ഭയമില്ലാതെ സമീപിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിരുന്ന ഇടം നഷ്ടമാകും. അതിനാൽ, സാധാരണക്കാരെ സ്വാഗതം ചെയ്യാനും കേൾക്കാനും മാത്രമായി നിലനിന്നിരുന്ന സംവിധാനം ഇല്ലാതാക്കി അതിനെ വെറുമൊരു ഔദ്യോഗിക കൗണ്ടറാക്കി മാറ്റുന്ന നീക്കത്തിലെ പ്രായോഗിക പ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടാതെ നോക്കുകയാണ് പൊലീസ് സംവിധാനത്തിൽ ഏറ്റവും പ്രധാനം. ഈ വിഷയം ഗൗരവമായി കണ്ട് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home