പൊതുമേഖലാ ബാങ്കുകളിൽ നിയമനത്തിനും സിബിൽ സ്‌കോർ ; ഉദ്യോഗാർഥികൾക്ക് ഇരുട്ടടി

തിരുവനന്തപുരം
കേന്ദ്ര സർക്കാർ നിബന്ധനകളുടെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിൽ നിയമനത്തിന് സിബിൽ സ്‌കോർ മാനദണ്ഡമാക്കുന്നത് ഉദ്യോഗാർഥികൾക്ക് ഇരുട്ടടിയാകും. ഏറ്റവും ഒടുവിൽ 500 ഓഫീസ് അസിസ്‌റ്റന്റ്, പ്യൂൺ തസ്‌തികയിലെ റിക്രൂട്ട്‌മെന്റിന് രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് യോഗ്യതയായി ബാങ്ക് സിബിൽ സ്‌കോർ നിർബന്ധമാക്കിയത്.
പൊതുവിൽ ഉദ്യോഗാർഥികളോടുള്ള കേന്ദ്രസമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനവും.
അറുനൂറ്റിയമ്പതോ അതിനു മുകളിലോ സിബിൽ സ്‌കോർ വേണമെന്നാണ് നിബന്ധന. ജോലിയിൽ ചേരുന്നതിനുമുമ്പ് സിബിൽ സ്‌റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. സിബിൽ പ്രതികൂലമായുള്ളവർ കുടിശികയില്ലെന്ന് ബന്ധപ്പെട്ട ബാങ്കിൽനിന്നുള്ള എൻഒസി ഹാജരാക്കണം. ഇതില്ലാത്ത പക്ഷം നിയമന ശുപാർശ പിൻവലിക്കാനോ, റദ്ദാക്കാനോ ബാങ്കിന് അധികാരമുണ്ട്.
വിദ്യാഭ്യാസ വായ്‌പയുടെ സഹായത്തിലാണ് സാധാരണ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പലരും പഠിച്ചിറങ്ങുന്നത്. ജോലി ലഭിക്കുന്നതിലെ കാലതാമസം വായ്‌പാ തിരിച്ചടവിനെ ബാധിക്കുകയും അത് സിബിൽ സ്‌കോറിനെ പ്രതികൂലമാക്കുകയും ചെയ്യും. അത്തരക്കാർക്ക് ബാങ്ക് പരീക്ഷ എഴുതി വിജയിച്ചാലും ജോലി ലഭിക്കാത്ത സാഹചര്യമുണ്ടാക്കും.
രാജ്യത്ത് പൊതുമേഖലാ ബാങ്കുകളിലാകെ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളാണുള്ളത്. വർഷങ്ങളായി പരിമിതമായ നിയമനങ്ങളാണ് നടക്കുന്നത്. ഓഫീസ് അസിസ്‌റ്റന്റ്, പ്യൂൺ തസ്‌തികളിൽ നിയമനം നടക്കുന്നുമില്ല.
രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ 58 ശതമാനവും നടക്കുന്ന 12 പൊതുമേഖലാ ബാങ്കകളിൽ 7.5 ലക്ഷം ജീവനക്കാരാണുള്ളത്. അതേസമയം, 35 ശതമാനം ഇടപാടുകൾ നടക്കുന്ന സ്വകാര്യ ബാങ്കുകളിൽ 8.5 ലക്ഷം ജീവനക്കാരുണ്ട്.










0 comments