നിത്യ എത്തിയത് വിവാഹക്കാര്യം സംസാരിക്കാൻ; കല്ലുകൊണ്ട് മുഖത്ത് ഇടിച്ചും പെട്രോളൊഴിച്ച് കത്തിച്ചും കൊടുംക്രൂരത

നിത്യ, നിശാന്ത്
ചെറുതോണി: ഇടുക്കി പാംബ്ലാ അണക്കെട്ടിനു സമീപത്തുവെച്ച് തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യ (18) കൊല്ലപ്പെട്ടത് ക്രൂരമായ ആക്രമണത്തിന് ശേഷം. പ്രതി രാജാക്കാട് വട്ടപ്പാറ അംബേദ്കർ കോളനിയിൽ നിശാന്ത് (19) നിത്യയെ മൊബൈൽ ഫോൺ ചാർജർകൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചും മുഖത്ത് കല്ലിന് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു.
മലപ്പുറത്തുനിന്നും ഇടുക്കി സന്ദർശിക്കുവാൻ വന്ന സഞ്ചാരികൾ വനത്തിന്റെ ഫോട്ടോ എടുക്കാൻ താഴേക്ക് ഇറങ്ങിയപ്പോൾ ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കരിമണൽ പൊലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
വെള്ളി രാവിലെ 10-.45 ന് കല്ലാർകുട്ടിയിൽനിന്ന് നിശാന്തിനെ പൊലീസ് കസ്റ്റഡിലെടുത്തു. മൃതശരീരം നിത്യയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.
നിശാന്തും നിത്യയും മൂന്നുവർഷമായി പ്രണയത്തിൽ ആയിരുന്നു എന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം പറഞ്ഞു. ഇരുവരും ചെറുപ്പത്തിൽ ഒരു സ്കൂളിൽ പഠിച്ചപ്പോൾ മുതലുള്ള പരിചയക്കാർ ആയിരുന്നു. പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ രണ്ടുവർഷം മുമ്പ് നിശാന്തിനൊപ്പം ഒളിച്ചോടിയിരുന്നു, പിന്നീട് ഇരുവരുടെയും ബന്ധുക്കളുമായി സംസാരിക്കുകയും 21 വയസ്സ് ആകുമ്പോൾ വിവാഹം ചെയ്തു നൽകാമെന്ന് വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ബന്ധമില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടി നിശാന്തിനെ കാണാൻ പൂപ്പാറയിൽ എത്തി. രാജാക്കാട് എത്തിയ നിത്യ, നിശാന്തിന്റെ ഓട്ടോറിക്ഷയിൽ കയറി വിവാഹക്കാര്യം സംസാരിക്കാൻ വേണ്ടി അരവപ്പാറ എന്ന സ്ഥലത്തുള്ള ഏലത്തോട്ടത്തിലേക്ക് പോയി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും കൽക്കെട്ടിൽനിന്ന് നിശാന്ത് പെൺകുട്ടിയെ തള്ളിയിടുകയുമായിരുന്നു.
പിന്നീട് മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് നിത്യയുടെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചും മുഖത്ത് കല്ലിന് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. രാത്രിയോടെ മൃതശരീരം ഓട്ടോറിക്ഷയിൽ കയറ്റി പാബ്ലാ വനത്തിൽ എത്തിച്ചു. കയ്യിൽ കരുതിയിരുന്ന മൂന്ന് ലിറ്റർ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. രാത്രി രണ്ടോടെ മൃതശരീരം ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.








0 comments