അഞ്ച് ദിവസംമാത്രം ചുമതലയിൽ; പ്രസ് സെക്രട്ടറിയെ പുറത്താക്കി ട്രംപ്

കെയ്റ്റി സക്കറിയ ഡൊണാൾഡ് ട്രംപിനൊപ്പം | Photo Credit: X/KatieZacharia
വാഷിങ്ടൺ ഡി സി: ചുമതല നൽകി കേവലം അഞ്ച് ദിവസത്തിനുള്ളിൽ പ്രസ് സെക്രട്ടറിയെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒക്ടോബർ 10ന് പദവിയിലെത്തിയ കെയ്റ്റി സക്കറിയയെയാണ് ട്രംപ് ഉടനടി മാറ്റിയത്. കെയ്റ്റിയുടെ വിദ്യാഭ്യാസയോഗ്യതയും വാർത്താസമ്മേളനങ്ങളിലെ ഇടപെടലും വിവാദമായിരുന്നു. ട്രംപിന്റെ അടുപ്പക്കാർ ഉൾപ്പെടെ നിയമനത്തിൽ എതിർപ്പ് ഉയർത്തിയതോടെയാണ് പുറത്താക്കലെന്നാണ് വിവരം.
താനൊരു അഭിഭാഷകയാണെന്നാണ് കെയ്റ്റി വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അമേരിക്കയിലെവിടെയും ഇവർ നിയമപരീക്ഷ ജയിച്ചതായി തെളിവില്ലെന്ന് മാധ്യമങ്ങൾ കണ്ടെത്തി. കെയ്റ്റി എവിടെ നിന്നാണ് നിയമ പരീക്ഷ പാസ്സായതെന്ന് മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിക്കുകയുണ്ടായി. ചോദ്യത്തിന് മറുപടി നൽകാൻ ട്രംപ് കെയ്റ്റിയോട് ആവശ്യപ്പെട്ടു. എന്നാൽ "ഞാൻ ചൈനയിലേക്ക് മാറിയപ്പോൾ..." എന്നാണ് അവർ അതിന് മറുപടി നൽകിയത്. ചൈനയിലെ നാഷണൽ യൂണിഫൈഡ് ലീഗൽ പ്രൊഫഷണൽ ക്വാളിഫിക്കേഷൻ പരീക്ഷ എഴുതാൻ ചൈനീസ് പൗരന്മാർക്ക് മാത്രമേ അർഹതയുള്ളൂവെന്ന് യുഎസ് മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ സോഷ്യൽ മീഡിയ കമ്പനിയിൽ ഏതാനും മാസങ്ങൾ മാത്രം ജോലി ചെയ്ത കെയ്റ്റിയെ പ്രസ് സെക്രട്ടറിയായി നിയമിച്ചപ്പോൾ മുതൽ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. കെയ്റ്റിയുടെ ആദ്യ വാർത്താസമ്മേളനത്തിലെ പ്രകടനവും വിമർശിക്കപ്പെട്ടു. വാർത്താസമ്മേളനത്തിനിടെ ട്രംപിനെ ഭർത്താവ് എന്ന് അബദ്ധവശാൽ കെയ്റ്റി അഭിസംബോധന ചെയ്തു. കൂടാതെ ട്രംപ് അനുകൂല മാധ്യമങ്ങളുടെ ചോദ്യത്തിന് മാത്രം മറുപടി നൽകി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
പുറത്താക്കലോടെ വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനമനുഷ്ഠിച്ച പ്രസ് സെക്രട്ടറിയായി കെയ്റ്റി മാറി.








0 comments