ചതി ഒളിഞ്ഞിരിപ്പുണ്ട്

ജോബി ബേബി, കുവൈത്ത്
Published on Oct 17, 2026, 09:00 AM | 3 min read
മലയാളിയുടെ മറുനാടൻ സ്വപ്നങ്ങൾക്ക് അഴകേറെയാണ്. കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ചോര നീരാക്കുന്ന പ്രവാസികൾ നാടിന്റെ നട്ടെല്ലുകൂടിയാണ്. എന്നാൽ, സമീപകാലത്തായി പ്രവാസസ്വപ്നങ്ങൾക്കുമേൽ ലഹരിമാഫിയകളുടെ കരിനിഴൽ പതിഞ്ഞിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ ലഹരിവിരുദ്ധ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ‘സജോബി ബേബി, കുവൈത്ത്
ഹായം' എന്ന വ്യാജേന സുഹൃത്തുക്കളും പരിചയക്കാരും നൽകുന്ന പൊതികളും പാഴ്സലുകളും വിശ്വസിച്ച് കൈപ്പറ്റുന്നതും പ്രവാസികളെ എത്തിക്കുന്നത് വിദേശത്തെ ജയിലുകളിലാണ്. അശ്രദ്ധയോ അമിതവിശ്വാസമോ കാരണം ജീവിതം ഹോമിക്കേണ്ടി വന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു.
ലഹരിക്കേസുകളിൽ കുടുങ്ങി വിദേശ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ എണ്ണം ആശങ്കാജനകമായാണ് ഉയരുന്നത്. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ നിരവധി ഇന്ത്യക്കാരാണ് ലഹരിക്കടത്ത് കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്. സൗദി അറേബ്യയിലെ ജയിലുകളിൽമാത്രം അഞ്ഞൂറിലധികം ഇന്ത്യക്കാർ മയക്കുമരുന്ന് കേസിൽപ്പെട്ട് കഴിയുന്നു. ഇതിൽ വലിയൊരു ശതമാനം മലയാളികളാണ്.
കുവൈത്ത് (506), യുഎഇ (1628), സൗദി അറേബ്യ (2229), ഖത്തർ (196), ബഹ്റൈൻ (77), ഒമാൻ (60) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ ഔദ്യോഗിക കണക്കുകൾ. ഇതിൽ പലരും ജീവപര്യന്തം തടവിനോ വർഷങ്ങൾ നീളുന്ന കഠിനശിക്ഷയ്ക്കോ വിധിക്കപ്പെട്ടവരാണ്. വധശിക്ഷ വിധിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
ലഹരിപാതകൾ
അന്താരാഷ്ട്ര ലഹരിമാഫിയകൾ ഇന്ന് പ്രവാസികളെ കെണിയിൽ വീഴ്ത്താൻ പുതിയ റൂട്ടുകളും തന്ത്രങ്ങളുമാണ് ആവിഷ്കരിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് കൊച്ചി–തായ്ലൻഡ്–ഗൾഫ് റൂട്ട്. തായ്ലൻഡിലേക്ക് കുറഞ്ഞ ചെലവിൽ യാത്രാടിക്കറ്റുകൾ വാഗ്ദാനം ചെയ്താണ് ഏജന്റുമാർ യുവാക്കളെ ആകർഷിക്കുന്നത്. കൊച്ചിയിൽനിന്ന് തായ്ലൻഡിലേക്ക് പോകുന്ന പ്രവാസികൾക്ക് സൗജന്യ വിനോദയാത്രയും ടിക്കറ്റും വാഗ്ദാനം ചെയ്ത് വിശ്വസിപ്പിക്കുന്നു. അവിടെനിന്ന് മടങ്ങുമ്പോൾ ഗൾഫിലേക്കുള്ള കണക്ടിങ് വിമാന ടിക്കറ്റും വലിയ ബാഗും കൈമാറും. ബാഗിൽ അതിഭീകരമായ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടാകും. വസ്ത്രങ്ങളും സമ്മാനങ്ങളുമാണെന്ന് വിശ്വസിപ്പിച്ച് കൈമാറുന്ന ബാഗുകളുമായി ഗൾഫ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതോടെ ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാകും. സ്റ്റേജ് ആർട്ടിസ്റ്റുകളായ മലയാളി യുവതീയുവാക്കളെ കെണിയിൽ വീഴ്ത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗൾഫിൽ വലിയ പരിപാടിയുണ്ടെന്ന് വിശ്വസിപ്പിച്ച് വിമാന ടിക്കറ്റ് എടുത്തുനൽകി കൂടെ അയക്കുന്ന ബാഗുകളിലാണ് പലപ്പോഴും മാരക മരുന്നുകൾ ഒളിപ്പിക്കുന്നത്.
സഹായം സൂക്ഷിച്ച്
പരസ്പരവിശ്വാസവും അപരനെ സഹായിക്കാനുള്ള മനസ്ഥിതിയും പലപ്പോഴും പ്രവാസികൾക്ക് വില്ലനാകുന്നുണ്ട്. വിമാനത്താവളത്തിൽ പരിചയപ്പെടുന്ന ഒരാൾ, "തന്റെ ലഗേജ് അൽപ്പം കൂടുതലാണ്, ഈ ചെറിയ പൊതിയൊന്ന് കൈയിൽ വയ്ക്കാമോ’ എന്ന് ചോദിക്കുമ്പോൾ മറുത്തൊന്നും ആലോചിക്കാതെ സഹായിക്കുന്നവരാണ് പലരും. അവർ വാങ്ങിവയ്ക്കുന്നത് ചിലപ്പോൾ ജീവിതം തകർക്കാനുള്ള മരണക്കെണിയാകാം. നാട്ടിൽനിന്ന് പോകുമ്പോൾ സുഹൃത്തുക്കളോ ബന്ധുക്കളോ ഗൾഫിലുള്ള തങ്ങളുടെ ആളുകൾക്ക് കൊടുക്കാനായി നൽകുന്ന അച്ചാർഭരണികൾ, വറുത്ത പലഹാരങ്ങൾ, മസാലപ്പൊടികൾ എന്നിവയ്ക്കുള്ളിൽപ്പോലും അതിസൂക്ഷ്മമായി ലഹരിമരുന്ന് ഒളിപ്പിച്ചുവയ്ക്കാറുണ്ട്.
മരുന്നുകളും പണി തരും
സാധാരണയായി ഉപയോഗിക്കുന്ന ചില വേദനാസംഹാരികളും കഫ് സിറപ്പുകളും ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകളുടെ പട്ടികയിലാണുള്ളത്. നാട്ടിലെ ഡോക്ടറുടെ കുറിപ്പടി (Prescription) ഉണ്ടെങ്കിൽപ്പോലും നിശ്ചിത അളവിൽ കൂടുതൽ (പരമാവധി ഒന്നുമുതൽ മൂന്നുമാസത്തെ ആവശ്യം) മരുന്നുകൾ കൊണ്ടുപോകരുത്. ഈ കുറിപ്പടി അതത് രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയവും എംബസിയും സാക്ഷ്യപ്പെടുത്തിയതായിരിക്കണം. യാത്ര പുറപ്പെടുംമുമ്പ് യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ ഔദ്യോഗിക മന്ത്രാലയ വെബ്സൈറ്റുകൾ സന്ദർശിച്ച് നിരോധിച്ച മരുന്നുകളുടെ പട്ടിക കൃത്യമായി പരിശോധിക്കണം. മറ്റുള്ളവരുടെ ആവശ്യത്തിനുള്ള മരുന്നുകൾ ഒരുകാലത്തും വാങ്ങിസൂക്ഷിക്കുകയും ചെയ്യരുത്. നിയന്ത്രണമുള്ള ചില മരുന്നുകൾ താഴെ പറയുന്നവയാണ്
1) ട്രമഡോൾ (Tramadol): കഠിനമായ വേദനയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്.
2) കോഡീൻ (Codeine) അടങ്ങിയ കഫ് സിറപ്പുകൾ: ലഹരിപദാർഥങ്ങളുടെ ഗണത്തിലാണ് പെടുന്നത്.
3) അൽപ്രാസൊലാം (Alprazolam)/ഡയസെപാം (Diazepam): വിഷാദരോഗത്തിനും ഉറക്കമില്ലായ്മയ്ക്കും നാട്ടിൽ ഡോക്ടർമാർ എഴുതുന്ന ഇത്തരം മരുന്നുകൾ കൃത്യമായ രേഖകളില്ലാതെ ഗൾഫിലേക്ക് കൊണ്ടുപോകുന്നത് വലിയ കുറ്റമാണ്.
ഇന്ത്യൻ വിമാനത്താവളങ്ങളിൽ ജാഗ്രത വേണം
പ്രവാസികൾ വിദേശത്തുചെന്ന് പിടിയിലാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ കർശനമായ ഡ്രഗ് ഡിറ്റക്ഷൻ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ അത്യാധുനിക എക്സ്റേ സംവിധാനങ്ങളിലാണ് ചതിബാഗുകൾ പിടിയിലാകുന്നത്. നമ്മുടെ നാട്ടിലെ വിമാനത്താവളങ്ങളിൽ ഇത്തരം ബാഗുകൾ കണ്ടെത്താൻ കഴിഞ്ഞാൽ, ഒരുപരിധിവരെ നിരപരാധികളായ പ്രവാസികൾ വിദേശത്തെ ഇരുട്ടറകളിൽ അകപ്പെടുന്നത് തടയാൻ സാധിക്കും. ഇതിനായി കസ്റ്റംസ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയുടെ ശക്തമായ സാന്നിധ്യവും അത്യാധുനിക സ്കാനിങ് മെഷീനുകളും വിമാനത്താവളങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലഗേജ് സ്വയം പാക്ക് ചെയ്യുക: യാത്രയ്ക്കുള്ള ബാഗുകൾ സ്വയം പാക്ക് ചെയ്യുക. യാത്ര പുറപ്പെടുംവരെ അത് മറ്റാരുടെയും കൈകളിൽ ഏൽപ്പിക്കരുത്.
അപരിചിതരുടെ പാഴ്സലുകൾ നിരസിക്കുക: വിമാനത്താവളത്തിലോ അല്ലാതെയോ ആരെങ്കിലും നൽകുന്ന പൊതികളോ ബാഗുകളോ വാങ്ങി സൂക്ഷിക്കരുത്. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഗൾഫിലുള്ളവർക്ക് നൽകാനായി സാധനങ്ങൾ തന്നാൽ അവ പൂർണമായും പരിശോധിച്ച് ലഹരിവസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം ബാഗിൽ വയ്ക്കുക.
ലഹരിമാഫിയകൾ വിരിക്കുന്ന കെണികളെ ബോധവൽക്കരണംകൊണ്ടും കടുത്ത ജാഗ്രതകൊണ്ടും മാത്രമേ നമുക്ക് പ്രതിരോധിക്കാൻ സാധിക്കൂ. സുരക്ഷിതമായ പ്രവാസം ഓരോ മലയാളിയുടെയും അവകാശമാണ്, അത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വവുമാണ്.








0 comments