സൂര്യാതപമേറ്റ കുഞ്ഞിന്റെ വീഡിയോ
print edition കൂട്ടുകാരേ വെയിലത്തിറങ്ങല്ലേ

സൂര്യാതപമേറ്റ തൃജൽ
ആലത്തൂർ: വേനൽച്ചൂടിന്റെ ജാഗ്രതാ സന്ദേശമുള്ള കുഞ്ഞു തൃജലിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. സൂര്യാതപമേറ്റതിനെത്തുടർന്നാണ് കുനിശേരി പുളുമ്പൻകാട് സജിലിന്റെയും അശ്വനിയുടെയും മകനായ കുനിശേരി എസ്ആർ യുപി സ്കൂൾ എൽകെജി വിദ്യാർഥി തൃജൽ (5) "സേഫായിട്ട് വീട്ടിൽ തന്നെ ഇരിക്കുക’ എന്ന റീൽ തയ്യാറാക്കിയത്.
വ്യാഴം വൈകിട്ട് കളി കഴിഞ്ഞെത്തിയ മകനെ കുളിപ്പിക്കുന്നതിനിടെ അമ്മ അശ്വിനിയാണ് കണ്ണിന് സമീപത്തും മൂക്കിലും സൂര്യാതപമേറ്റ പാടുകൾ കണ്ടത്. വെള്ളി രാവിലെയോടെ പാടുകൾ പൊള്ളലായി മാറി. കുനിശേരി കുടുംബാരോഗ്യകേന്ദ്രത്തിലെത്തി ചികിത്സയ്‌ക്കുശേഷം വീട്ടിലെത്തി രാത്രിയോടെയാണ് അമ്മയും തൃജലും ചേർന്ന് വീഡിയോ എടുക്കുന്നത്.
സ്വയം പരിചയപ്പെടുത്തി വെയിലത്ത് ഇറങ്ങിയപ്പോൾ മുഖത്ത് പൊള്ളലേറ്റെന്നും കൂട്ടുകാരെല്ലാം സേഫായി വീട്ടിലിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള വീഡിയോ തയ്യാറാക്കിയത്. ടീച്ചറേ എന്റെ മുഖം പൊള്ളി എന്നു പറഞ്ഞ് ക്ലാസ് ടീച്ചർക്കും പിന്നീട് സ്കൂൾ വാട്സാപ് ഗ്രൂപ്പിലുമാണ് ആദ്യം പോസ്റ്റ് ചെയ്തത്.
പിന്നീടാണ് തൃജലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കൊടുംചൂടിലും കുട്ടികൾ ചൂടിനെ വകവയ്‌ക്കാതെ കളിക്കുന്നുണ്ടെന്നും അവര്‍ക്കും രക്ഷിതാക്കൾക്കും അവബോധമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ബിൽഡർ കൂടിയായ അച്ഛൻ സജിൽ പറയുന്നു.











0 comments