ad
Deshabhimani

കുട്ടികളെ കോഴിക്കോട് 
ശിശുക്ഷേമസമിതിക്ക്‌ 
കൈമാറി

print edition ട്രെയിനിൽ 21 കുട്ടികളെ കണ്ടെത്തിയ സംഭവം ; നിർണായകമായത്‌ ആലുവയിലെ 
പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഇടപെടൽ

Child Trafficking

ഡിസിആർബി പൊലീസ് ഉദ്യോഗസ്ഥരായ ടി എസ് സുബീഷ്, 
കെ എം മജീഷ്, പി എസ് സുജിത്

വെബ് ഡെസ്ക്

Published on Jan 13, 2026, 02:07 AM | 2 min read


ആലുവ

വിവേക്‌ എക്‌സ്‌പ്രസിൽ കേരളത്തിലേക്കു കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത 21 ആൺകുട്ടികളെ സുരക്ഷിതരാക്കിയത്‌ എറണാകുളം റൂറൽ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ (ഡിസിആർബി) പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ. കേസന്വേഷണത്തിന്റെ ഭാഗമായി ഒഡിഷയിൽ പോയ സിപിഒമാരായ ടി എസ് സുബീഷ് (പുത്തൻവേലിക്കര), കെ എം മജീഷ് (കൂത്താട്ടുകുളം), പി എസ് സുജിത് ലാൽ (മുനമ്പം) എന്നിവർ വിവേക് എക്സ്പ്രസ് ട്രെയിനിൽ മടങ്ങുകയായിരുന്നു.


ഭുവനേശ്വറിൽനിന്ന്‌ യാത്ര തുടങ്ങിയ ഇവർ പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുറച്ചു കുട്ടികൾ ഒരുമിച്ച് ഇരിക്കുന്നത് ശ്രദ്ധിച്ചു. ട്രെയിനിൽ കൊണ്ടുവരുന്ന ഭക്ഷണം കുട്ടികൾ സ്വന്തമായി വാങ്ങി കഴിക്കുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസ്സിലായി. ട്രെയിനിൽ പല ബോഗികളിലായി ഇനിയും കുട്ടികൾ ഉണ്ടെന്നും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമെന്നും കുട്ടികളെ കൂടാതെ രണ്ടുപേർകൂടി ഉണ്ടെന്നും ചോദിച്ചറിഞ്ഞു.


ബിഹാറികൾ ആണെന്നും സ്കൂളിൽ പോകാറില്ലെന്നും അറിഞ്ഞതോടെ ഭിക്ഷാടന മാഫിയ ആണോ എന്ന് പൊലീസിന് സംശയമായി. കുട്ടികളുടേയും കൂടെവന്നവരുടെയും ഫോട്ടോകളും ട്രെയിൻ വിവരങ്ങളും എറണാകുളം റൂറൽ ജില്ലയിലെ സ്‌റ്റേറ്റ്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ എസ്‌ഐക്ക്‌ വാട്‌സാപ്പിൽ കൈമാറി. അദ്ദേഹം പാലക്കാട് എസ്എസ്ബിയുമായി ബന്ധപ്പെട്ടു. തുടർന്നാണ്‌ ട്രെയിൻ പാലക്കാട് എത്തിയപ്പോൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതും രേഖകളും മൊഴികളും വ്യക്തമല്ലാത്തതിനാൽ പാലക്കാട് പൊലീസ് എത്തി കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതും.


കുട്ടികളെ കോഴിക്കോട് 
ശിശുക്ഷേമസമിതിക്ക്‌ 
കൈമാറി


വ്യക്തമായ രേഖകളില്ലാതെ പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയ ബിഹാർ ഗഞ്ച്‌ ജില്ലയിൽനിന്നുള്ള 21 കുട്ടികളെ കോഴിക്കോട് ശിശുക്ഷേമ സമിതി യൂണിറ്റിന് കൈമാറി. പാലക്കാട് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എം സേതുമാധവന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച്‌ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷമാണ്‌ കൈമാറിയത്‌.


സമിതി അംഗങ്ങൾ കുട്ടികൾക്ക്‌ കൗൺസലിങ്‌ നൽകി, ഇവരിൽനിന്ന് ആധാർ കാർഡ് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു. ഇവരോടൊപ്പമുണ്ടായിരുന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പ്രവർത്തിക്കുന്ന പഠനശാലയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചശേഷമാണ് കുട്ടികളെ കൈമാറിയത്. പ്രാഥമിക അന്വേഷണത്തിൽ മനുഷ്യക്കടത്തുമായി ബന്ധം കണ്ടെത്തിയിട്ടില്ല. എന്നാൽ കുട്ടികളുടെ കൈയിൽ നിലവിലെ സ്കൂളിലെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഇല്ല. വിഷയത്തിൽ വ്യക്തത വരുന്നതുവരെ ശിശുക്ഷേമ സമിതി കോഴിക്കോട് യൂണിറ്റിന്റെ കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ ഇവരെ പാർപ്പിക്കും. വിവരങ്ങൾ ലഭിച്ചശേഷം മാത്രമേ കോഴിക്കോട്ടെ പഠന കേന്ദ്രത്തിലേക്ക്‌ അയക്കൂവെന്നും ശിശുക്ഷേമ സമിതി ചെയർപേഴ്സൺ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home