print edition ട്രെയിനിൽ ഒറ്റപ്പെട്ട കുട്ടിക്ക് രക്ഷകനായി ജീവനക്കാരൻ

മിഖ്‌ദാദ് ഷിജു മുല്ലോളിക്കും റെയിൽവേ പൊലീസിനുമൊപ്പം
ഷാജിത്ത് കെ ആന്പിലാട്
Published on Jan 25, 2026, 12:59 AM | 1 min read
കൂത്തുപറമ്പ്
ട്രെയിൻ കയറുന്നതിനിടെ ഉമ്മ പ്ലാറ്റ്‌ഫോമിൽ വീണതിനെ തുടർന്ന് ഒറ്റപ്പെട്ട എട്ടുവയസ്സുകാരന് രക്ഷകനായി റെയിൽവെ ജീവനക്കാരൻ. വെള്ളി രാവിലെ 7.10ന് കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് ഫറോക്കിലെത്തിയപ്പോഴാണ് സംഭവം. കൊണ്ടോട്ടി സ്വദേശിനി ഹുസൈബയും എട്ടു വയസ്സുള്ള മകൻ മിഖ്ദാദും ചാലക്കുടിയിലേക്ക് പോകാൻ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു.
ഇരുവരും ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ മകന്റെ കൈവിട്ട് ഹുസൈബ പ്ലാറ്റ്‌ഫോമിലേക്ക് വീണു. ട്രെയിൻ സ്റ്റേഷൻ വിടുകയുംചെയ്തു. ഉമ്മയില്ലാതെ ട്രെയിനിൽ പകച്ചുനിന്ന കുട്ടിയെകണ്ട് സഹയാത്രക്കാരും പരിഭ്രാന്തരായി.
ഔദ്യോഗിക ആവശ്യത്തിനായി തൃശൂരിലേക്ക് യാത്രചെയ്യുകയായിരുന്ന കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലെ പോയിന്റ്‌സ്‌മാൻ ഷിജു മുല്ലോളി ട്രെയിനിൽ ഉണ്ടായിരുന്നു. ഷിജു കണ്ണൂർ ആർപിഎഫിലെ മനോജിനെ വിവരമറിയിച്ചു. തുടർന്ന് റെയിൽവേയുടെ വിവിധ വിഭാഗങ്ങൾ മിന്നൽവേഗത്തിൽ ഏകോപിപ്പിക്കപ്പെട്ടു. അടുത്ത സ്റ്റേഷനായ തിരൂരിൽനിന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ മിഖ്ദാദിനെ സുരക്ഷിതമായി ഏറ്റുവാങ്ങി.
വിവരമറിയിച്ചതനുസരിച്ച് ഹുസൈബ ഉടൻ തിരൂർ സ്റ്റേഷനിലെത്തി മകനെ ഏറ്റുവാങ്ങി. ഷിജുവിന്റെ അവസരോചിതമായ ഇടപെടലിന് വലിയ അഭിനന്ദനമാണ് യാത്രക്കാർക്കിടയിൽനിന്ന് ലഭിക്കുന്നത്. കൂത്തുപറമ്പ് പാനുണ്ട സ്വദേശിയാണ് ഷിജു മുല്ലോളി.










0 comments