ad
Deshabhimani

print edition കണക്ടാകാൻ ലക്ഷം യുവാക്കൾ

Connect to work.jpg
avatar
ഒ വി സുരേഷ്‌

Published on Mar 24, 2026, 12:01 AM | 1 min read

തിരുവനന്തപുരം : പഠനം കഴിഞ്ഞ്‌ തൊഴിലിനായി തയ്യാറെടുക്കുന്നതും നൈപുണ്യ പരിശീലനം നടത്തുന്നതുമായ യുവാക്കൾക്കായി സർക്കാർ ആവിഷ്‌കരിച്ച ‘മുഖ്യമന്ത്രിയുടെ കണക്‌ട്‌ ടു വർക്ക്‌’ സ്‌കോളർഷിപ് പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്‌ എത്തുന്നു. നിലവിൽ 45,989 പേർക്കാണ്‌ മാസം 1000 രൂപ വീതം ലഭിക്കുന്നത്‌. 29,000 പേർക്കുകൂടി ഉടൻ ലഭ്യമാകും. 30,000 അപേക്ഷകൾ പരിശോധനയിലാണ്‌.

ഒരു വർഷംവരെ മാസം 1000 രൂപവീതം ധനസഹായം ലഭിക്കുന്ന പദ്ധതി രാജ്യത്താദ്യമാണ്‌.


18നും 30നുമിടയിൽ പ്രായമുള്ള അഞ്ചുലക്ഷം യുവാക്കൾക്ക്‌ തൊഴിൽ തേടാനുള്ള ചെറിയ സഹായമായാണിത്‌. 10,000 പേർക്ക്‌ ജനുവരിയിലും ഫെബ്രുവരിയിലെ വിഹിതം മാർച്ച്‌ ആദ്യവും ലഭിച്ചു. 2025 ഒക്‌ടോബർ 31നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്‌. സംസ്ഥാന ബജറ്റിൽ ഇതിനായി 400 കോടി രൂപ നീക്കിവച്ചു. ജനുവരി 21ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌ത്‌ രണ്ട്‌ മണിക്കൂറിനകം ആദ്യഘട്ടമായി 10,000 പേരുടെ അക്ക‍ൗണ്ടിലേക്ക്‌ തുകയെത്തി. തുടർന്ന്‌ ലഭിച്ച അപേക്ഷകൾ പരിശോധിച്ച്‌ 35,998 പേർക്കുകൂടി ഫെബ്രുവരിയിൽ നൽകി. 29,000 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്‌. തുടർന്ന്‌ ലഭിച്ച 30,000 പേരുടെ അപേക്ഷയിലും ഉടൻ തീരുമാനമാകും. നിലവിൽ ഏറ്റവും കൂടുതൽ പേർക്ക്‌ സ്‌കോളർഷിപ് ലഭിച്ചത്‌ കൊല്ലത്താണ്‌– 8862 പേർക്ക്‌.




​ഇനിയും അപേക്ഷിക്കാം


കണക്‌ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പിന്‌ ഇനിയും അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരാകണം. കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷം കവിയരുത്‌. പ്രായം: 18–30. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഇവയുടെ അനുബന്ധ സ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ യുപിഎസ്‌സി, പിഎസ്‌സി, സർവീസ് സെലക്‌ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ്‌ ഏജൻസികൾ എന്നിവയുടെ മത്സര പരീക്ഷകൾക്ക് അപേക്ഷിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം. എംപ്ലോയ്‌മെന്റ്‌ വകുപ്പിന്റെ eemployment.kerala.gov.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ്‌ ചെയ്യണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home