ad
Deshabhimani

ചരക്കുനീക്കത്തിനും ടൂറിസത്തിനും പുത്തന്‍ ഉണര്‍വ്; ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം 26ന്

akkulam chettuva waterway
വെബ് ഡെസ്ക്

Published on Feb 22, 2026, 06:26 AM | 1 min read

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യും. ജലപാതയുടെ ഭാഗമായുള്ള വർക്കലയിലെ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവർത്തനങ്ങൾക്ക് ഉണർവേകും. ചിലക്കൂർ ബീച്ചിനെ ആകർഷണീയമായ ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.


സംസ്ഥാന സർക്കാരിന്റെയും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. തിരുവിതാംകൂറിന്റെ ഉൾനാടൻ ജലഗതാഗതം സാധ്യമാക്കുന്നതിനായി പൂർത്തിയാക്കിയ 350 മീറ്റർ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂർ തുരങ്കം. പിന്നീട് സംസ്ഥാന സർക്കാരിന്റെ ഉൾനാടൻ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കി പുനഃസ്ഥാപിച്ചു.


നവീകരണത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാൽ പുറത്തിറക്കും. വർക്കലയുമായുള്ള ശ്രീനാരായണ ഗുരുവിന്റെ അടുത്ത ബന്ധം, പ്രദേശത്തിന്റെ പൈതൃകം, കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവയും ഈ ഷോയിൽ ഉണ്ടാകും. ഇതിനു പുറമേ തുരങ്കത്തിന്റെ ഉപരിതലത്തിൽ മാപ്പിംഗ് സാങ്കേതികവിദ്യയുള്ള അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ട്. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരിൽ ബോട്ട് ജെട്ടിയും ബീച്ച് പാർക്കും നിർമിച്ചിട്ടുണ്ട്.


വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സർക്കാരിന്റെ വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് പൊതു ഗതാഗതം, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ മേഖലകളിൽ വിപുലമായ അവസരങ്ങൾ തുറന്ന് കേരളത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്തും. തെക്കൻ കേരളത്തിലെ ഉൾനാടൻ ജലഗതാഗത്തിന്റെ സുപ്രധാന കണ്ണിയായ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home