ad
Deshabhimani

പത്ത് വർഷം; കേരളം കണ്ടത് വാഗ്ദാനങ്ങളല്ല, നടപ്പാക്കിയ വികസനങ്ങൾ: മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on Mar 26, 2026, 12:54 PM | 3 min read

കൊച്ചി : കഴിഞ്ഞ പത്ത് വർഷം കേരളം കണ്ടത് വാഗ്ദാനങ്ങളുടെ രാഷ്ട്രീയം അല്ല, നടപ്പിലാക്കിയ വികസനത്തിന്റെ കാലഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയെ കണക്കിലെടുത്ത്, അടുത്ത തലമുറ ഈ നാട്ടിൽ സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കേണ്ടതിനെ മുൻനിർത്തിയാണ് ഓരോ പദ്ധതികളും എൽഡിഎഫ് സർക്കാർ ആസൂത്രണം ചെയ്തത്. പല പദ്ധതികളും ഇതിനകം യാഥാർഥ്യമായി. നിരവധി പദ്ധതികൾ പുരോഗതിയുടെ പാതയിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മാറിമാറി മുന്നണികൾ ഭരിച്ച കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ പുരോഗതി എങ്ങനെ താളം തെറ്റിയെന്ന അനുഭവം കേരളത്തിനുണ്ട്. 2011ൽ എൽഡിഎഫ് സർക്കാർ ഒഴിഞ്ഞതിന് ശേഷമുള്ള അഞ്ചുവർഷം വികസനത്തിൽ വ്യക്തമായ പിന്നോട്ടടിയുണ്ടായി. എന്നാൽ 2016ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മഹാമാരി തുടങ്ങി അനേകം വെല്ലുവിളികളെ അതിജീവിച്ച് തകർച്ചയിൽ നിന്ന് കേരളത്തെ ഉയർത്താനുള്ള ഇടപെടലുകളാണ് നടത്തിയത്. ആ മുന്നേറ്റം തടസപ്പെടാതെ മുന്നോട്ട്കൊണ്ടുപോകാൻ 2021ൽ ജനങ്ങൾ നൽകിയ തുടർഭരണം നിർണായകമായി.


ഈ തുടർച്ചയുടെ ഫലമാണ് ഇന്ന് കൊച്ചി ഉൾപ്പെടെ കേരളത്തിന്റെ വിവിധ മേഖലകളിൽ കാണുന്ന സമഗ്ര വികസനം. നഗരവികസനത്തിന് രാജ്യത്താദ്യമായി നയം രൂപീകരിക്കാൻ കമീഷനെ നിയോഗിച്ചത് അതിന്റെ ഭാഗമായാണ്. കൊച്ചി ഇന്ന് ഐടി, വ്യവസായം, ഗതാഗതം, ഇന്നവേഷൻ മേഖലകളുടെ കേന്ദ്രമായി ഉയർന്നിരിക്കുന്നത് ആ ആസൂത്രണത്തിന്റെ ഭാഗമാണ്. കൊച്ചി മെട്രോയുടെ വികസനവും കാക്കനാട് - ഇൻഫോപാർക്ക് കോറിഡോറിന്റെ പുരോഗതിയും നഗര ഗതാഗതത്തിന് പുതിയ ദിശ നൽകുന്നു. ലോകോത്തര നിലവാരത്തിലുള്ള വാട്ടർ മെട്രോ സംവിധാനം കൊച്ചിയെ ഇന്ത്യയിൽ തന്നെ വേറിട്ട നഗരമാക്കി മാറ്റുന്നു. ഇതിനകം ലക്ഷക്കണക്കിന് ആളുകൾ ഈ സംവിധാനം ഉപയോഗിച്ചു. രാജ്യത്തെ മറ്റ് നഗരങ്ങൾക്കുള്ള മാതൃകയായി മാറുകയും ചെയ്തു.


3716 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതി വഴി കൊച്ചിയിലെ ആറു പ്രധാന കനാലുകൾ ഗതാഗതയോഗ്യമാക്കി മാറ്റുകയാണ്. കിഫ്ബി പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി ജലഗതാഗതത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഒരുപോലെ പരിഹാരമാകും. സാനിറ്റേഷൻ, മാലിന്യ സംസ്കരണം, അഴുക്കുചാൽ ശൃംഖല എന്നിവയിൽ സമഗ്ര ഇടപെടലുകൾ നടപ്പിലാക്കിക്കൊണ്ട് മാലിന്യമുക്ത കേരളം ലക്ഷ്യം യാഥാർഥ്യമാക്കുകയാണ്. ഒരുകാലത്ത് വലിയ തോതിലുള്ള വിമർശനങ്ങളുടെ കേന്ദ്രമായിരുന്ന ബ്രഹ്മപുരം ഇന്ന് മാറ്റത്തിന്റെ ഉദാഹരണമായി മാറിയിരിക്കുന്നു.


കാക്കനാട് ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി മേഖല കേന്ദ്രീകരിച്ച് കൊച്ചി ഐടി വ്യവസായ ഹബ്ബായി ശക്തിപ്പെടുന്നു. ഇൻഫോപാർക്ക് വികസനം, ഗ്രാഫിൻ സെൻറർ, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, പെട്രോ കെമിക്കൽ പാർക്ക് തുടങ്ങിയ വൻ പദ്ധതികൾ സംസ്ഥാനത്തെ ഉയർന്ന സാങ്കേതിക വ്യവസായങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ്. ആഗോള കമ്പനികളുടെ നിക്ഷേപവും വിപുലീകരണവും ഈ വളർച്ചയ്ക്ക് ശക്തി നൽകുന്നു.


സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം ദേശീയ തലത്തിൽ മുന്നേറ്റം കൈവരിച്ചു. 2016ൽ 300 ആയിരുന്ന സ്റ്റാർട്ടപ്പുകൾ ഇന്ന് 7700 ആയി. 77,000 തൊഴിൽ സൃഷ്ടിച്ചു. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോർമർ അംഗീകാരം നേടിയ കേരളം ഇന്നവേഷൻ രംഗത്ത് രാജ്യത്തിന് മാതൃകയായി മാറിയിരിക്കുകയാണ്. കൊച്ചിയിലെ ടെക്നോളജി ഇന്നവേഷൻ സോൺ, ഏഷ്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് എന്നിവ ഈ മാറ്റത്തിന് ഊർജ്ജം നൽകുന്നു, പുതിയ തലമുറയ്ക്ക് അപൂർവ സാധ്യതകൾ തുറക്കുന്നു.


വ്യവസായ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റം ചരിത്രപരമാണ്. വ്യവസായ സൗഹൃദമല്ലെന്ന പഴയ പ്രചാരണങ്ങളെ മറികടന്ന് ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗിൽ 2016ലെ 28-ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത് ഈ മാറ്റത്തിന്റെ തെളിവാണ്. സംരംഭക വർഷം പദ്ധതിയിലൂടെ നാല് ലക്ഷം സംരംഭങ്ങളും ഒൻപത് ലക്ഷം തൊഴിലും സൃഷ്ടിച്ചു; 28,000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ എത്തിച്ചു. കെസ്വിഫ്റ്റ് വഴി 113 അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കി സംരംഭങ്ങൾ എളുപ്പമാക്കി.


ആഗോള നിക്ഷേപ സംഗമത്തിലൂടെ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഇതിനകം 115 കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ ഉദ്ദേശ്യപത്രങ്ങൾ ഒപ്പുവെച്ചത് കേരളത്തിന്റെ ആഗോള സ്വീകാര്യത വ്യക്തമാക്കുന്നു. ഭാവി വ്യവസായ വികസനത്തിന്റെ ഭാഗമായ റെയർ എർത്ത് കോറിഡോർ പദ്ധതി വഴി 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരവും ലക്ഷ്യമിടുന്നു. വിഴിഞ്ഞം മുതൽ കൊച്ചി വരെയുള്ള വ്യവസായ ബന്ധം ശക്തിപ്പെടുത്തി രാജ്യത്തിലെ പ്രധാന മാഗ്നറ്റ് നിർമാണ കേന്ദ്രമായി കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം.


ഇന്ന് കേരളത്തിന്റെ എല്ലാ മേഖലകളും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ മുന്നേറുകയാണ്. ഈ പുരോഗതി സംരക്ഷിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് നാടിന്റെ അനിവാര്യ ആവശ്യമാണ്. വികസനം തുടർച്ചയുള്ള പ്രക്രിയയാണ്; അതിനെ നിലനിർത്തിയും മുന്നോട്ടുകൊണ്ടുപോയും മാത്രമേ കേരളത്തിന്റെ ഭാവി കൂടുതൽ ശക്തമാക്കാൻ കഴിയൂ. എൽഡിഎഫിന് ഇന്നത്തേതിൽ നിന്ന് ഉയർന്ന ഭൂരിപക്ഷം ഉറപ്പാക്കികൊണ്ട് ഈ നാടിന്റെ പുരോഗതിക്ക് കൂടുതൽ വേഗം നൽകാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home