Deshabhimani

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

Cheranallur.jpg
വെബ് ഡെസ്ക്

Published on Oct 26, 2026, 08:34 AM | 1 min read

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച്‌ സ്‌കൂട്ടർയാത്രികൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ജഡ്‌ജിയുടെ മകനായ പതിനേഴുകാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ്‌ ബോർഡാണ് ജാമ്യം അനുവദിച്ചത്.


അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറന്പിൽ വീട്ടിൽ ജയബാലകൃഷ്‌ണൻ (55) ആണ്‌ മരിച്ചത്‌. കെഎൽ 46 എഫ്‌ 0333 നമ്പർ ബെൻസ്‌ കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തശേഷം ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. അപകടത്തിനുശേഷം നിസാര വകുപ്പുകൾ ചുമത്തിയാണ്‌ പ്രതിക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നത്‌. പ്രതിയെ സംരക്ഷിക്കുന്ന പൊലീസ്‌ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ്‌ അർധരാത്രി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്‌. തുടർന്ന് ജുവനൈൽ ജസ്റ്റിസ്‌ ബോർഡിന്‌ മുന്നിൽ ഹാജരാക്കുകയായിരുന്നു.


നെടുമ്പാശേരിയിൽ മദ്യലഹരിയിൽ പത്തൊന്പതുകാരൻ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പേയാണ്‌ സമാനസംഭവം. ഞായർ പുലർച്ചെ 2.20ഓടെ കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപറന്പ്‌ സ്റ്റോപ്പിന്‌ സമീപമായിരുന്നു അപകടം. സ‍ൗത്ത്‌ ചിറ്റൂർ ക്ഷേത്രത്തിനുസമീപം തട്ടുകട നടത്തുന്ന ജയബാലകൃഷ്‌ണൻ കടയടച്ച്‌ വീട്ടിലേക്ക്‌ സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ്‌ അപകടം. അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ച ബെൻസ്‌ കാർ സ്‌കൂട്ടറിന്‌ പിന്നിൽ ഇടിച്ചു. റോഡിലേക്ക്‌ തെറിച്ചുവീണ ജയബാലകൃഷ്‌ണന്റെ തലയ്‌ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റു.


പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് ജയബാലകൃഷ്‌ണന്റെ കുടുംബാംഗങ്ങൾ രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ജയബാലകൃഷ്‌ണന്റെ മൃതദേഹം മാഞ്ഞാലിയിലെ വീട്ടിലെയും സൗത്ത് ചിറ്റൂരിലെ തറവാട്ടുവീട്ടിലെയും പൊതുദർശനത്തിനുശേഷം പച്ചാളം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: ഭരത്‌ശങ്കർ, ഭാഗ്യദർശൻ, ഭദ്ര കീർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home