ചെങ്ങന്നൂർ–പമ്പ പാത അപ്രായോഗികമെന്ന് കേന്ദ്രം ; ശ്രീധരന്റെ അവകാശവാദം പാഴായി

ന്യൂഡൽഹി
നിർദ്ദിഷ്ട ചെങ്ങന്നൂർ– പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിച്ചതായി റെയിൽവേമന്ത്രാലയം. സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. പുതിയ ചെങ്ങന്നൂർ–പന്പ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് ശ്രീധരൻ അവകാശവാദം നടത്തിയിരുന്നു. ബ്രിട്ടാസിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ മറ്റു വിഷയങ്ങൾ ഉന്നയിച്ചുള്ള മറുപടിയാണ് റെയിൽവേ മന്ത്രാലയം നൽകിയത്.
വസ്‌തുത തമസ്‌കരിക്കുന്നു
അങ്കമാലി– എരുമേലി ശബരി പദ്ധതി വൈകുന്നതിന്റെ കാരണം കേരളസർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള റെയിൽവേമന്ത്രിയുടെ നീക്കത്തെ ബ്രിട്ടാസ് രൂക്ഷമായി വിമർശിച്ചു. പുതുക്കിയ പദ്ധതിച്ചെലവിന്റെ 50 ശതമാനം നൽകാമെന്ന് സംസ്ഥാനസർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. ഇതിനായി, കിഫ്‌ബി വഴി എടുക്കുന്ന കടം സംസ്ഥാനസർക്കാരിന്റെ വായ്‌പാപരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ കേന്ദ്രഅനുമതി കിട്ടുംമുന്പേ സ്വന്തം ഫണ്ടുപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്തിന്റെ ഇൗ ആത്മാർഥത തമസ്‌കരിക്കാനാണ് കേന്ദ്രനീക്കമെന്നും ബ്രിട്ടാസ് പറഞ്ഞു.
ഓഫീസ് ആർക്കുവേണമെങ്കിലും തുറക്കാം ; ശ്രീധരനെ കൊള്ളാതെ റെയിൽവേമന്ത്രി
അതിവേഗ റെയിൽപദ്ധതിക്ക് ഡിപിആർ തയ്യാറാക്കാനെന്ന പേരിൽ ഇ ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നത് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെയല്ലെന്ന് സൂചന നൽകി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ശ്രീധരന്റെ നീക്കങ്ങൾക്ക് കേന്ദ്രഅംഗീകാരമുണ്ടോയെന്ന സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നൽകിയില്ല.
‘ഇ ശ്രീധരൻ രാജ്യംമുഴുവൻ ആദരിക്കുന്ന വ്യക്തിത്വമാണ്. രാജ്യത്തിനും റെയിൽവേയ്‌ക്കും വേണ്ടി വലിയ കാര്യങ്ങൾചെയ്ത ഒരാൾ ഒരോഫീസ് തുറന്നാൽ പൂർണമായും സ്വാഗതം ചെയ്യും. ആർക്കുവേണമെങ്കിലും റെയിൽവേയെ സഹായിക്കാൻ ഓഫീസ് തുറക്കാം’– എന്നായിരുന്നു മറുപടി.
ശബരി പാതയ്‌ക്കായി സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയത് കേന്ദ്രസമ്മർദത്തെ തുടർന്നാണെന്ന് റെയിൽവേ മന്ത്രി അവകാശപ്പെട്ടു. ഭൂമി ഏറ്റെടുക്കാത്തതുകൊണ്ടാണ് റെയിൽവേയുടെ പല പദ്ധതികളും നടപ്പാക്കാത്തതെന്നും പറഞ്ഞു. മന്ത്രിയുടെ പരാമർശങ്ങൾ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ഇടതുപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.









0 comments