print edition ചെല്ലാനം ചിരിക്കുന്നു

ചെല്ലാനത്തെ ടെട്രാപോഡ് കടൽഭിത്തിയും നടപ്പാതയും / ഫോട്ടോ: വി കെ അഭിജിത്
ജെയ്സൺ ഫ്രാൻസിസ്
Published on Nov 25, 2025, 02:45 AM | 1 min read
കൊച്ചി
മാനം ഇരുണ്ടാൽ, തിരയൊന്ന് ആഞ്ഞടിച്ചാൽ നെഞ്ചുലയുമായിരുന്നു ചെല്ലാനത്തുകാരുടെ. എന്നാലിന്ന് എല്ലാം മറന്ന് ചിരിക്കുകയാണ്. ആർത്തലച്ചെത്തുന്ന തിരമാലകളെ പേടിക്കേണ്ട. ക്യാന്പുകളിലേക്ക് ഓടേണ്ട. സ്വസ്ഥമായി സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നു. കടലാക്രമണം പേടിച്ച് നാടുവിട്ടവർ മടങ്ങിയെത്തുന്നു. പുതിയ വീടുകൾ ഉയരുന്നു. രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്ന ചെല്ലാനത്ത് ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ച് സംരക്ഷണ കോട്ടതീർത്തിരിക്കുയാണ് എൽഡിഎഫ് സർക്കാർ. ഇന്നിപ്പോൾ ടെട്രാപോഡും കടൽകാഴ്‌ചയും കാണാൻ സഞ്ചാരികളെത്തുന്നു.
‘‘നേരത്തെ കാലവർഷമാകുന്പോൾ കടലാക്രമണം പേടിച്ച് വീടുവിടുമായിരുന്നു. ക്യാന്പുകളിലാകും പിന്നെ താമസം. ടെട്രാപോഡ് കടൽഭിത്തി വന്നശേഷം സമാധാനമായി. ഒന്നും പേടിക്കാതെ സ്വസ്ഥമായി വീട്ടിൽ കഴിയാം. സർക്കാരിനോട് വളരെ നന്ദിയുണ്ട്’’– ചെല്ലാനം കണ്ടക്കടവ് സ്വദേശി സേവ്യർ കുട്ടപ്പശേരി പറയുന്നു.

സേവ്യർ കുട്ടപ്പശേരി
ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിലാണ് കടൽഭിത്തി. 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലുകൊണ്ടുള്ള ഭിത്തിയും 1.20 ലക്ഷം ടെട്രാപോഡും സ്ഥാപിച്ചത് 340 കോടി രൂപ ചെലവിൽ. 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്കും അടുത്തിടെ അനുമതി നൽകി. കണ്ണമാലി ഭാഗത്താണിത്.










0 comments