മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം ഒഴിവാക്കാൻ ‘ചെക്ക്‌ലിസ്റ്റ് ’


ബിജോ ടോമി
Published on Feb 01, 2025, 02:01 AM | 1 min read
തിരുവനന്തപുരം : മാലിന്യ സംഭരണ കേന്ദ്രങ്ങളിലും (എംസിഎഫ്, ആർആർഎഫ്) കാലങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്ന ഇടങ്ങളിലും തീപിടിത്തം ഒഴിവാക്കാൻ ചെക്ക്‌ലിസ്റ്റുമായി തദ്ദേശവകുപ്പ്. ചെക്ക്‌ലിസ്റ്റിൽ സൂചിപ്പിച്ചിട്ടുള്ള സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്ഥാപനവും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ നടപ്പാക്കണമെന്ന് തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ബുധനാഴ്‌ചയ്‌ക്ക് മുമ്പ് ചെക്ക്‌ലിസ്റ്റ് പൂരിപ്പിച്ചു തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണം.
മാലിന്യക്കൂനകളുമായി ബന്ധപ്പെട്ട് 19 കാര്യവും സംഭരണ കേന്ദ്രങ്ങളിലെ 20 സൗകര്യവുമാണ് പരിശോധിക്കേണ്ടത്. സിസിടിവി, വൈദ്യുതി ലഭ്യത, അഗ്നിരക്ഷാസേനയുടെ വാഹനം പ്രവേശിക്കാനുള്ള സൗകര്യം, ജീവനക്കാരുടെ ലഭ്യത തുടങ്ങിയവയാണ് ഉറപ്പാക്കേണ്ടത്.
തീപിടുത്ത സാഹചര്യം ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെയും സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപന മേധാവി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, സെക്രട്ടറി എന്നിവർക്കാണ്.
മാലിന്യ സംഭരണ കേന്ദ്രങ്ങൾ സന്ദർശിച്ച് അഗ്നിസുരക്ഷ വിലയിരുത്തലിനായി അഞ്ചംഗ ഫയർ ഓഡിറ്റ് ടീമിനെ അതാത് തദ്ദേശ സ്ഥാപന സെക്രട്ടറി രൂപീകരിക്കണം. ഫയർ ഓഡിറ്റ് ടീം 10-നകം സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തണം. പോരായ്‌മകൾ കണ്ടെത്തിയാൽ പത്ത് ദിവസത്തിനകം പരിഹരിക്കണം. പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ 25-നകം നടത്തണം.
അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രിൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ സംബന്ധിച്ച അവലോകനയോഗം ചേരേണ്ടതും സർക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.










0 comments