ad
Deshabhimani

print edition കേരളത്തിന്‌ വീണ്ടും എസ്‌എസ്‌കെ വിഹിതം; അനുവദിച്ചത്‌ എൽഡിഎഫ്‌ 
സർക്കാരിന്റെ നിർദേശത്താൽ

samagra shiksha kerala
വെബ് ഡെസ്ക്

Published on May 26, 2026, 12:37 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ എസ്‌എസ്‌കെ ഫണ്ടിനായി കേന്ദ്രത്തിൽ ചെലുത്തിയ സമ്മർദം ഫലം കണ്ടു. കേരളത്തിന്‌ 249 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര പൊതുവിദ്യാഭ്യാസ മന്ത്രാലയം. വൈകാതെ ഇ‍ൗ തുക സംസ്ഥാന സർക്കാരിന്റെ അക്ക‍ൗണ്ടിൽ എത്തും.


കഴിഞ്ഞ ഒരു വർഷമായി നടത്തിയ കത്തിടപാടുകളുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള ആശയവിനിമയത്തിന്റെയും തുടർച്ചയായി, കഴിഞ്ഞ 20ന്‌ ചേർന്ന പ്രോജക്‌ട്‌ അപ്രൂവൽ ബോർഡ്‌ യോഗത്തിലാണ്‌ തുക അനുവദിച്ചത്‌.


സ‍ൗജന്യ പാഠപുസ്‌തകം, യൂണിഫോം പദ്ധതികളിൽ മുൻവർഷം കേരളത്തിന്‌ ലഭിക്കേണ്ട കുടിശ്ശിക അനുവദിക്കണമെന്ന്‌ കാണിച്ച്‌ 2025 നവംബറിൽ സംസ്ഥാനം പ്രൊപ്പോസൽ നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്‌ച നടത്തുകയും കേരളത്തിന്‌ അവകാശപ്പെട്ട പണം ഉടൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു.


അന്ന്‌ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്ന്‌ കഴിഞ്ഞ മാർച്ച്‌ 27ന്‌ ചേർന്ന പ്രോജക്‌ട്‌ അപ്രൂവൽ ബോർഡ്‌ യോഗത്തിൽ കേരളം 129 കോടിരൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചു. എന്നാൽ കുടിശ്ശികയിൽ 23.3 കോടി രൂപ മാത്രമാണ്‌ നൽകാൻ കേന്ദ്രം സമ്മതിച്ചത്‌.


2025–26 അധ്യയന വർഷം സ‍ൗജന്യ പാഠപുസ്‌തകം, യൂണിഫോം തുടങ്ങിയ പദ്ധതികൾക്കായി നൽകേണ്ടിയിരുന്ന വിഹിതമായ 76 കോടി രൂപയുംകൂടി ചേർത്ത്‌ 99.2 കോടി നൽകാൻ തീരുമാനമായി. കഴിഞ്ഞ നവംബറിൽ കേരളത്തിന്‌ അനുവദിച്ച 92.41 കോടി രൂപ ഇതിൽ നിന്ന്‌ ഇളവ്‌ ചെയ്യുകയും ആകെ 6.8 കോടി രൂപമാത്രം സംസ്ഥാനത്തിന്റെ അക്ക‍ൗണ്ടിൽ എത്തുകയും ചെയ്‌തു. ഇത്‌ അംഗീകരിക്കാനാകില്ലെന്ന്‌ കാണിച്ച്‌ മാർച്ച്‌ 31ന്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന്‌ കത്ത്‌ നൽകി.


കേരളം ശക്‌തമായ പ്രതിഷേധം അറിയിച്ചതോടെ കഴിഞ്ഞ 20ന്‌ നടന്ന പ്രോജക്‌ട്‌ അപ്രൂവൽ ബോർഡ്‌ യോഗത്തിൽ കുട്ടികളുടെ യൂണിഫോം, പാഠപുസ്‌തകം എന്നിവയ്‌ക്കായി 106 കോടി രൂപയും സ്റ്റാർസ്‌ പദ്ധതിയിൽ ലഭിക്കേണ്ടിയിരുന്ന 143 കോടിയും നൽകാനും തീരുമാനിക്കുകയായിരുന്നു. മുൻ സർക്കാർ തുക നേടിയെടുക്കുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകൾ ഫലം കണ്ടുവെന്ന്‌ എസ്‌എസ്‌കെ സ്‌റ്റേറ്റ്‌ പ്രോജക്‌ട്‌ ഡയറക്‌ടർ ഡോ. എ ആർ സുപ്രിയ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home