print edition സെൻസസ് 2027: "സെൽഫ് എന്യൂമറേഷൻ' നാളെ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സെൻസസ് 2027-ന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ല സജ്ജമായി. ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജനസംഖ്യാ വിവരശേഖരണത്തിന് ജില്ലയെ 5608 ഹൗസ്‌ലിസ്റ്റിങ് ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഫീൽഡുതലത്തിൽ വിവരങ്ങൾ ശേഖരിക്കാൻ 5527 എന്യൂമറേറ്റർമാരെയും മേൽനോട്ടത്തിനായി 932 സൂപ്പർവൈസർമാരെയും നിയോഗിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 553 എന്യൂമറേറ്റർമാരെയും 93 സൂപ്പർവൈസർമാരെയും റിസർവായി നിലനിർത്തിയിട്ടുണ്ട്. ഇവരടക്കം 7105 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പ്രവർത്തനങ്ങൾ. ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ്. വീടുകളുടെ അവസ്ഥ, കുടുംബങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്. സെൽഫ് എന്യൂമറേഷൻ 16 മുതൽ 30 വരെ. വീടുകളുടെ പട്ടിക തയ്യാറാക്കൽ ജൂലൈ ഒന്നുമുതൽ 30 വരെ. ചൊവ്വ രാവിലെ ആറുമുതൽ https://se.census.gov.in എന്ന സെൽഫ് എന്യൂമറേഷൻ പോർട്ടൽ പൊതുജനങ്ങൾക്ക് ഉപയോഗപ്പടുത്താം. ആദ്യഘട്ട വിവരശേഖരണത്തിൽ ആകെ 34 ചോദ്യങ്ങളുണ്ടാകും.
വിവരങ്ങളുടെ കൃത്യത എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും നേരിട്ടെത്തി ഉറപ്പാക്കും.
നടപടികൾ എളുപ്പമാക്കാൻ പൊതുജനങ്ങൾ സെൽഫ് എന്യൂമറേഷൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുന്നുണ്ടെന്ന് അതത് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം.










0 comments